ഇരുവിഭാഗം നേതാക്കളും ചർച്ച നടത്തി; കോൺഗ്രസ്സിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി

Keralam News Politics

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കോൺഗ്രസ്സിലെ നേതാക്കൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമായി. പട്ടികയോട് എതിർപ്പ് പ്രകടിപ്പിച്ച മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചർച്ച നടത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ വെച്ച് നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായിരിക്കുന്നത്.

ഡിസിസി പുനഃസംഘടന സംബന്ധിച്ച് ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായതായി ചര്ച്ചയ്ക്ക് ശേഷം കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ഉണ്ടായിരുന്ന എല്ലാ അതൃപ്തിയും മാറിയെന്നും ഇനി പുനസംഘടനയുമായി സംബന്ധിച്ചുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വിശദമാക്കി. കോൺഗ്രസ്സിലുള്ള മുഴുവൻ ആളുകളും ഒറ്റക്കെട്ടായി നീങ്ങണം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരളത്തിന്റെ ഉത്തരവാദിത്തമായുള്ള താരീഖ് അൻവർ ഇവിടേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചതായി ഹൈക്കമാൻഡിനെ അറിയിച്ചതിനെ തുടർന്ന് ഇനി അദ്ദേഹം വരില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ഇതിനിടെ പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കാം കഴിയില്ലെങ്കിൽ പാർട്ടി വിട്ടു പോകണമെന്ന് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കെപിസിസി വിശദീകരണം തേടണമെന്ന് ഉമ്മൻ ചാണ്ടി ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ തന്നെ ഒത്തുതീർപ്പിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയെയും അവരവരുടെ വീറ്റുകളിൽ പോയി കണ്ടിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു ഇന്ന് രണ്ടു വിഭാഗത്തിലെയും നേതാക്കൾ ചർച്ച നടത്തി എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചത്.