നിപ പരിശോധനയ്ക്കായുള്ള പ്രത്യേക ലാബ് ഇന്ന് പ്രവർത്തനം തുടങ്ങും

Health Keralam News

കോഴിക്കോട്: നിപ സ്ഥിതീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിപ പരിശോധനയ്ക്കു മാത്രമായി പ്രത്യേക ലാബ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. മെഡിക്കൽ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലായിരിക്കും ഇവ പ്രവർത്തിക്കുക. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഏഴ് വിദഗ്ധരെ കൊണ്ടുവന്നാണ് ലാബ് ഒരുക്കുന്നത്. സമ്പർക്ക പട്ടികയിൽ ഉണ്ടാവുകയും രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാത്തവരുടെയും സാമ്പിളുകൾ മാത്രമാണ് ഇവിടെ വെച്ച് പരിശോധിക്കുക.

നിപ വൈറസിന്‍റെ ശക്തി കൂടിയ സാമ്പിളുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ബയോസേഫ്റ്റി ലെവല്‍ ത്രീ ലാബ് ആവശ്യമാണ്. നിലവിൽ ഇതിനോട് സമാനമായ സംവിധാനവും ട്രൂനാറ്റ് പരിശോധനയുമാണ് മെഡിക്കൽ കോളേജിൽ ഒരുക്കുന്നത്. മൈക്രോബയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് എങ്ങനെയാണ് സ്രവ ശേഖരണവും പരിശോധനയും നടത്തേണ്ടതെന്ന് പൂനെയില്‍ നിന്നും വന്ന വിദഗ്ദർ പഠിപ്പിച്ചു കൊടുക്കും.

കേരളത്തിൽ ആദ്യ തവണ നിപ റിപ്പോർട്ട് ചെയ്ത സമയം മുതൽ എല്ലാ സംവിധാനങ്ങളോടും കൂടെ നിപ പരിശോധനയ്ക്കായുള്ള ലാബ് തുടങ്ങാൻ നടപടി എടുത്തിരുന്നെങ്കിലും മൂന്നു വർഷമായിട്ടും പുരോഗതികളൊന്നും ഉണ്ടായില്ല. നിലവിൽ രോഗ ലക്ഷങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സാമ്പിളുകൾ പൂനെയിലുള്ള ലാബിലേക്ക് അയച്ചാണ് രോഗം ഉണ്ടോയെന്ന് സ്ഥിതീകരിക്കുന്നത്.