മലപ്പുറത്ത് വഹനാപകടത്തില്‍ മരിച്ച അസം സ്വദേശിയുടെ കബറടക്കത്തിനുള്ള സൗകര്യം ഒരുക്കി വേറിട്ട മുസ്ലിംമഹല്ല് കമ്മിറ്റിയുടെ മാതൃക

Local News

മലപ്പുറം: മലപ്പുറത്ത് വഹനാപകടത്തില്‍ മരിച്ച അസം സ്വദേശിയുടെ കബറടക്കത്തിനുള്ള സൗകര്യം ഒരുക്കി വേറിട്ട മുസ്ലിംമഹല്ല് കമ്മിറ്റിയുടെ മാതൃക. മരണം സംഭവിച്ചത് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച്. അസം സ്വദേശി ഹാറൂണ്‍ റഷീദിന്റെ മൃതദേഹം കബറടക്കത്തിനുള്ള സൗകര്യമാണ് പെരിന്തല്‍മണ്ണ ടൗണ്‍ ജുമാ മസ്ജിദ് കമ്മറ്റി ഒരുക്കി നല്‍കിയത്. അപകടത്തിന് ശേഷം തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ലായിരുന്നു. ഇതോടെ പെരിന്തല്‍മണ്ണയിലെ ഓട്ടോ തൊഴിലാളിയായ അബ്ദുറഹിമാന്‍ ഇവരുടെ വിഷയത്തില്‍ ഇടപ്പെട്ട് ഇവര്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കി. അപകടത്തിന് ശേഷം ആശുപത്രി ചികിത്സക്കായി ഭീമമായ തുക ആവശ്യം വന്നിരുന്നു. ഇതില്‍ സ്ഥലം എംഎല്‍എ നജീബ് കാന്തപുരം ഇടപ്പെട്ട് തുകയില്‍ ഇളവ് വരുത്തിയെന്നും മരണപ്പെട്ട ഹാറൂണ്‍ റഷീദിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. മരണപ്പെട്ട ഹാറൂണ്‍ റഷീദ് ഒരു വര്‍ഷം മുമ്പാണ് ജോലി ആവശ്വാര്‍ഥം കേരളത്തിലെത്തിയത്. പെരിന്തല്‍മണ്ണയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് യുവാവ് സഞ്ചരിച്ച ബൈക്ക് ഇന്നോവ കാറിലിടിച്ച് ഹാറൂണ്‍ റഷീദിന്റെ മരണം സംഭവിച്ചത്.
നാലു മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പിതാവാണ് മരണപ്പെട്ട യുവാവ്. കബറടക്കത്തിന് മുന്നോടിയായി മരണപ്പെട്ട യുവാവിന്റെ ഭാര്യയുടെ സമ്മതപത്രം ഉള്‍പ്പെടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെത്തിച്ചാണ് കബറടക്കം പൂര്‍ത്തിയാക്കിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.