ജാതീയ അധിക്ഷേപം; കോയമ്പത്തൂരിൽ ദളിത് ഉദ്യോഗസ്ഥനെക്കൊണ്ട് കാല് പിടിപ്പിച്ചു

Crime India News

കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ വൃദ്ധനായ ദളിത് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് സവർണജാതിക്കാരനായ ആളുടെ കാല് പിടിപ്പിച്ചു. കോയമ്പത്തൂരിലെ അന്നൂർ വില്ലേജ് ഓഫീസിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ദളിത് വിഭാഗക്കാരനായ വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമിയെക്കൊണ്ടാണ് ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥ് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകൾ ശരിയാക്കുന്നതിനായി വില്ലജ് ഓഫീസിൽ എത്തിയ ഗോപിനാഥിനോട് ആവശ്യമായ രേഖകൾ മുഴുവനായും ഇല്ലാത്തതിനാൽ അത് കൊണ്ടുവരാൻ വില്ലജ് ഓഫീസർ പറഞ്ഞു. ഇതിൽ ദേഷ്യം പിടിച്ച ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറയാൻ തുടങ്ങിയപ്പോൾ വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമി തടയാൻ ശ്രമിക്കുകയായിരുന്നു. അതോടെ അയാൾ കൂടുതൽ പ്രകോപിതനാവുകയും ജോലി കളയിക്കുമെന്ന് ഭീഷണിപ്പടുത്തുകയുമായിരുന്നു. ഇതിന്റെ പേരിലാണ് മുത്തുസ്വാമിയെക്കൊണ്ട് ഗോപിനാഥ് കാല് പിടിപ്പിച്ചത്.

കോയമ്പത്തൂർ അടക്കമുള്ള കിഴക്കൻ തമിഴ്നാട് മേഖലകളിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങളും പ്രശ്‍നങ്ങളും സ്ഥിരമാണ്. ഇവിടെ ഏറ്റവും ശക്തരായ സവർണ വിഭാഗമാണ് ഗൗണ്ടർ വിഭാഗം. കരഞ്ഞു കൊണ്ട് കാലിൽ വീഴുന്ന വൃദ്ധന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ട് നിരവധി പേർ ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളിൽ നിന്ന് പ്രശസ്തരുടെ ജാതിപ്പേരുകൾ ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം നടന്ന ഈ സംഭവം ഇത്തരം മാറ്റങ്ങളുടെ ആവശ്യകതയെ കാണിച്ചുതരുന്നുണ്ട്.