സ്വകാര്യകമ്പിനികൾക്ക് കൂടുതൽ അവസരങ്ങളോടെ വൈദ്യുത ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ

India News

രാജ്യത്ത് വൈദ്യുതി മേഖലയിൽ വലിയ മാറ്റങ്ങളുമായി വൈദ്യുത ഭേദഗതി ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യകമ്പിനികൾക്ക് കൂടുതൽ അവസരങ്ങൾ നല്കുന്നവയാണിത്.

ഉപഭോക്താവിന്റെ താല്പര്യത്തിനനുസരിച്ചു വൈദ്യുതി വിതരണക്കാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിലൂടെ ലഭിക്കും. ഈ മേഖലയിൽ സ്വകാര്യ കമ്പിനികൾ വരുന്നത് വഴി അവർ തമ്മിൽ ഒരു മത്സരമുണ്ടാകുമെന്നും ഇത് ഉപഭോക്താവിന് ഗുണമാണെന്നുമാണ് സർക്കാറിന്റെ അനുമാനം.

അടിസ്ഥാന സൗകര്യങ്ങള്‍ വർധിക്കുന്നതിനും, വൈദ്യുതി വിതരണം കൃത്യതയോടെ നടത്താനും ഇത് ഇടയാക്കുമെന്നും സർക്കാർ അഭിപ്രായപ്പെടുന്നുണ്ട്. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം തയ്യാറാക്കിയതാണെന്നും എല്ലാവരും ബില്ലിനെ അംഗീകരിച്ചുവെന്നും ഈയടുത്ത് നടന്ന കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് യോഗത്തില്‍ ഊര്‍ജ്ജ സഹമന്ത്രി രാജ് കുമാര്‍ സിങ് അറിയിച്ചിരുന്നു. പക്ഷെ സ്വകാര്യ കമ്പിനികൾ വന്നാൽ അവർക്കിഷ്ട്ടമുള്ള വൈദ്യുതി നിരക്ക് ഈടാക്കുമെന്നും ഇത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തി ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

വലിയ സ്വകാര്യ കമ്പിനികൾ കടന്നുവരുന്നത് കെഎസ്‌ഇബിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കേരളത്തിനു ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാൽ നിലവില്‍ സൗജന്യ വൈദ്യുതി ലഭിക്കുന്നവരും നിരക്കിളവുകള്‍ ലഭിക്കുന്നവരുമെല്ലാം ബുദ്ധിമുട്ടിലാവും. അതേപോലെ വകുപ്പിലെ ജീവനക്കാരെയും അനുബന്ധ മേഖലയിലുള്ളവരെയും ഇത് ബാധിക്കുമെന്നും ബില്ലിനെ എതിർക്കുന്നവർ പറയുന്നുണ്ട്.