കോൾഡ് കേസിനു ശേഷം പൃഥ്വിരാജ് കേരള പോലീസിന്റെ ‘ട്രാപ്പിൽ’

Keralam News

കോൾഡ് കേസിനു ശേഷം പൃഥ്വിരാജ് സുകുമാരന്റെ മറ്റൊരു പോലീസ് കഥാപാത്രത്തിന്റെ ഭാഗമാകുന്നു. ‘ട്രാപ്’ എന്ന ഹ്രസ്വചിത്രത്തിലാണ് പൃഥ്വിരാജ് പോലീസ് ഓഫീസറായി ശബ്ദം നൽകിയിരിക്കുന്നത്. കേരള പോലീസ് നിർമിച്ച ഹ്രസ്വചിത്രമാണ് ‘ട്രാപ്’. ഈ വീഡിയോയിൽ ഹണി ട്രാപ് വഴി ഉണ്ടാവുന്ന ചതിക്കുഴികളെ പറ്റി മുന്നറിയിപ്പ് തരുകയാണ്.

ഒരു അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നാം ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത് കൂടുതൽ കരുതൽ കൊടുക്കേണ്ട ഒരു കാലത്തിലൂടെയാണ്. ഒരുപാട് ചതിക്കുഴികളാണ് സൈബർ ലോകത്ത് നമ്മളെ കാത്തിരിക്കുന്നത്. സൗഹൃദം പിടിച്ചുപറ്റി വിലപേശുകയും ജീവന് വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’. എന്നായിരുന്നു അടിക്കുറിപ്പ്. ഇതിൽ കേന്ദ്ര കഥാത്രമായി എത്തുന്നത് നടനും സംവിധായകനുമായ റാഫിയാണ്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശരത് കോവിലകവും പ്രസാദ് പാറപ്പുറവും ചേർന്നാണ്. അരുൺ വിശ്വനാണ് ചിത്രത്തിന്റെ സംവിധായകൻ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത് വാസുദേവാണ്. ചിത്രത്തിന്റെ പ്രമേയമെന്നത് സ്വന്തം വീട്ടിൽ കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ വെടിയേറ്റ് മരിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ്.