‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മാതൃകയിൽ കള്ളൻ വിഴുങ്ങിയ മാല വീണ്ടെടുത്തു

Crime Entertainment News

ബംഗളൂരു: മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ കള്ളന് പഴവും വയറിളകാനുള്ള മരുന്നും നൽകി പോലീസ് മാല വീണ്ടെടുത്തു. ഫഹദ് ഫാസില്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന രീതിയിലായിരുന്നു. ശനിയാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന സംഭവങ്ങൾ. സ്ത്രീയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത 70 ഗ്രാമിനും മേലെ തൂക്കമുണ്ടായിരുന്ന സ്വര്‍ണമാലയാണ് പോലീസിൽ നിന്നും രക്ഷപ്പെടാനായി കള്ളന് വിഴുങ്ങിയിരുന്നത്.

കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുന്നതിനിടെ സ്ത്രീ ഇതറിഞ്ഞ് കള്ളന്റെ കൈയിൽ കയറി പിടിക്കുകയായിരുന്നു. ഇത് ചെറുക്കാനായി കള്ളൻ സ്ത്രീയെ ആക്രമിക്കുകയും അവർ നിലത്ത് വീഴുകയും ചെയ്തു. ഇതിനിടെയാണ് കള്ളൻ മാല പൊട്ടിച്ചെടുത്തത്. എന്നാൽ സ്ത്രീ വീണതോടെ ചുറ്റുമുണ്ടായിരുന്ന ആളുകൾ ഓടികൂടുകയും കള്ളനെ കൈയോടെ പിടിക്കുകയുമായിരുന്നു. പിടി വീഴുമെന്ന് മനസിലായ കള്ളൻ പോലീസിൽ നിന്നും രക്ഷപ്പെടാനാണ് ആരും അറിയാതെ മാല വിഴുങ്ങിയത്.

നാട്ടുകാർ കള്ളനെ പിടികൂടി മർദ്ദിച്ചതിനാൽ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആരോഗ്യസ്ഥിതി വിലയിരുത്താൻ എക്‌സറേ എടുക്കുകയും ചെയ്തപ്പോഴായാണ് വയറിൽ സ്വർണമാല ഉള്ള വിവരം എല്ലാവരും അറിയുന്നത്. പിടിയിലായതോടെ മാല കള്ളൻ ദൂരേക്ക് വലിച്ചെറിഞ്ഞു കാണുമെന്നാണ് സ്ത്രീ കരുതിയിരുന്നത്. ആദ്യം എക്‌സറേയിൽ കണ്ടത് എല്ലാണെന്നും മറ്റും പറഞ്ഞ് പ്രതി മാല വിഴുങ്ങിയ കാര്യം സമ്മതിക്കാതിരുന്നെങ്കിലും പോലീസ് അത് വിശ്വസിച്ചില്ല. തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരം വയറിളക്കാനുള്ള മരുന്നും പഴവും കഴിപ്പിച്ച് പോലീസുകാർ സ്വർണമാല വീണ്ടെടുക്കുകയായിരുന്നു.