നഗര മധ്യത്തിൽ ബസ്സ്‌ ജീവനക്കാരുടെ അഴിഞ്ഞാട്ടം…രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Crime News

മഞ്ചേരി : ഇന്നലെ വൈകിട്ട് മഞ്ചേരി ടൗണിൽ വച്ച് കോഴിക്കോട് ഭാഗത്ത് നിന്നും മഞ്ചേരി ഭാഗത്തേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരുടെ ജീവന് അപായം വരുത്തുന്ന വിധത്തിൽ വാഹനത്തിനു നിയന്ത്രണമില്ലാതെ അമിത വേഗതയിൽ ബസ് ഓടിക്കുകയും, അപകടം ഒഴിവാക്കുന്നതിനായി ബസ് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തുകയും ആക്രോശം നടത്തുകയും ചെയ്ത സ്വകാര്യ ബസ്( ഫന്റാസ്റ്റിക് ) ജീവനക്കാരായ ജംഷീദലി (34), ഷിബിൻ(36) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ബസ് ഡ്രൈവറായ ജംഷീദലി ബ്രൗൺഷുഗർ കടത്തിയ കേസിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വധശ്രമ കേസ്സിലും പ്രതിയാണ്. 4 മാസം മുൻപ് അരക്കിലൊ ബ്രൗൺ ഷുഗർ കടത്തിയതിന് കൊണ്ടോട്ടി പോലീസ് പിടിച്ച് മൂന്നു മാസത്തെ ജയിൽവാസം കഴിഞ്ഞ് ഒരു മാസം മുൻപാണ് ജയിലിൽ നിന്നും മോചിതനായത്.. കണ്ടക്ടർ ഷിബിനും നിരവധി അടിപിടി കേസ്സുകളിലും മറ്റും പ്രതിയാണ്.
കൃത്യത്തിൽ ഉൾപ്പെട്ട ബസ് പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. ഇതു പോലെ മയക്കുമരുന്നു കേസ്സിൽ ഉൾപ്പെട്ട് ജയിൽ വാസം കഴിഞ്ഞ് ഒരു മാസം മുൻപ് ജയിലിൽ നിന്നും ഇറങ്ങുകയും വീണ്ടും യാത്രക്കാരുടെ ജീവന് ഭീഷണി ആകുന്ന തരത്തിൽ ബസ്സ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്യുന്നതിനും, ഇതു പോലുള്ള ക്രിമിനലുകൾക്ക് ബസ്സ് ഓടിക്കാൻ നൽകിയ ബസ്സിൻ്റെ പെർമിറ്റ് റദ്ദു ചെയ്യുന്നതിന് ആർ.ടി.ഒ. യ്ക്ക് റിപ്പോർട്ട് നൽകുമെന്നും മഞ്ചേരി പോലീസ് അറിയിച്ചു.