മിഡിയും ടോപ്പും ധരിച്ചുവന്ന് കള്ളന്‍സി സി ടിവിയെ പറ്റിക്കാന്‍ മാസ്‌കും വെച്ചു

Crime Local News

മലപ്പറം: മിഡിയും ടോപ്പും ധരിച്ച് സിസിടിവിക്കു മുന്നില്‍ കള്ളന്റെ പ്രഛന്നവേഷം.എല്ലാം ഇടവേളകളില്‍ മോഷണം മാത്രം നടന്നില്ല
ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമത്തിനിടെ കള്ളന് വേഷങ്ങള്‍ പലത്. 5 മണിക്കൂര്‍ നീണ്ട ശ്രമം പരാജയപ്പെട്ടെങ്കിലും ഇടവേളകളില്‍ വേഷങ്ങള്‍ പലതണിഞ്ഞാണ് കള്ളന്റെ വെളിപ്പെടല്‍. കഴിഞ്ഞ ദിവസം നിലമ്പൂരിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ഈ മോഷണശ്രമവും തുടര്‍ക്കാഴ്ചകളും.

വടപുറം പാലപറമ്പില്‍ വെഞ്ചാലില്‍ ജയിംസിന്റെ മകള്‍ ജെയ്‌സിയുടെ വീട്ടിലാണ് സംഭവം. ജെയ്‌സിയും കുടുംബവും വിദേശത്താണ്. ജയിംസ് ദിവസവും വന്ന് വീട് നോക്കിപ്പോകും. രാത്രി 8.30ന് മാസ്‌കും മങ്കി ക്യാപും ധരിച്ച കള്ളന്‍ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ കാണാം.

മുണ്ടും വരയന്‍ ടീ ഷര്‍ട്ടുമാണ് ആദ്യ വേഷം. ചുറ്റും നോക്കി വീടിന്റെ കിഴക്കുഭാഗത്തെ മതില്‍ ചാടി ക്കടന്ന് മുറ്റത്തെത്തി. ടോര്‍ച്ച് തെളിച്ച് ജനാലയിലൂടെ നോക്കി. വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കി. ധൃതിയില്‍ വീടിനു ചുറ്റും നടന്നു. അടുക്കളഭാഗത്തുനിന്ന് കൈക്കോട്ട് എടുത്തു കൊണ്ടുവന്ന് മുന്‍വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചു. ഓടാമ്പല്‍ തകര്‍ന്ന് താഴെ വീണെങ്കിലും വേറെ പൂട്ട് ഉള്ളതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. കട്ടിളയും വാതില്‍പ്പാളികളും കേടുവന്നു.

പിന്നീട് ഭിത്തി വഴി തൂങ്ങി ഒന്നാം നിലയില്‍ കടക്കാന്‍ 2 വട്ടം ശ്രമിച്ചെങ്കിലും താഴെ വീണു. തുടര്‍ന്ന് നിരാശനായി വരാന്തയില്‍ ഇരുന്ന് പുകവലിച്ചു. അല്‍പം മദ്യപിക്കുകയും ചെയ്തു. കുറച്ചുനേരം മലര്‍ന്ന് നീണ്ടുനിവര്‍ന്ന് കിടന്ന് ആലോചനയിലാണ്ടു.. ക്ഷീണം മാറ്റി എഴുന്നേറ്റുപോയി.

തുടര്‍ന്ന് കാണുന്നത് പാന്റും ടിഷര്‍ട്ടും ധരിച്ച് മുറ്റത്തുകൂടി നടക്കുന്നതാണ്. മുറ്റത്തു നട്ട ചെടിയില്‍ നിന്ന് തുളസിയിലകള്‍ പറിച്ചു തിന്നുന്നതും കാണാം. കുറച്ചുകഴിഞ്ഞ പൊട്ടിവീണ ഓടാമ്പലിന്റെ ഭാഗങ്ങള്‍ എടുത്ത് കാട്ടില്‍ എറിഞ്ഞു. പിന്നെ മിഡിയും ടോപ്പും ധരിച്ച് പ്രത്യക്ഷപ്പെട്ടു.
മുടി കുടുമ പോലെ കെട്ടിവച്ചിട്ടുണ്ട്. ഒടുവില്‍ വരാന്തയില്‍ ഇരുന്ന് സ്ത്രീവേഷം മാറി. മുണ്ട്, ടീഷര്‍ട്ട് എന്നിവ ധരിച്ചു. മതിലിനടുത്തെത്തി. അവസാനമായി വീടിനു നേരെ തിരിഞ്ഞാെന്ന് നോക്കി. ചാടി പുറത്തുകടന്ന് മറഞ്ഞു. രാവിലെ വീട്ടിലെത്തിയപ്പോഴാണ് ജയിംസ് മോഷണശ്രമം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പ്രത്യേക മാനസികാവസ്ഥയിലുള്ളയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു