ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണ്ണ മെഡല്‍ യഥാര്‍ത്ഥ സ്വര്‍ണ്ണം തന്നെയോ?

News

ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണ്ണ മെഡല്‍ യഥാര്‍ത്ഥ സ്വര്‍ണ്ണം തന്നെയോ? പലരും ധരിച്ചു വെച്ചിരിക്കുന്നത് ഇത് യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്ന് വെളിപ്പെടുത്തുകയാണ് ഒളിമ്പിക്‌സ് ഭാരവാഹികള്‍. 556 ഗ്രാം ഭാരമുള്ള മെഡലില്‍ 6 ഗ്രാം സ്വര്‍ണ്ണം മാത്രമേ ഉപയോഗിക്കുന്നുളളൂ. മെഡലിന്റെ പുറത്തു പൂശുന്നതിനാണ് ഈ സ്വര്‍ണ്ണം ഉപയോഗിക്കുന്നത്. ബാക്കി വെള്ളിയാണ് ഉപയോഗിക്കുന്നത്. ഈ മെഡലിനു കേസിംഗ്, എന്‍ഗ്രേവിംഗ് എന്നിവ അടക്കം ഇന്ത്യന്‍ മൂല്യം ഏകദേശം 60,000 രൂപയാണ്.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് വെള്ളി മെഡല്‍. വെള്ളിമെഡല്‍ നിര്‍മിക്കാന്‍ പൂര്‍ണമായും വെള്ളി തന്നെയാണ് ഉപയോഗിക്കുന്നത്. 550 ഗ്രാം തൂക്കം വരുന്ന മെഡലിന്റെ ഇന്ത്യന്‍ മൂല്യം ഏകദേശം 30,000 രൂപയാണ്. വെങ്കല മെഡല്‍ 95% കോപ്പറും 5% സിങ്കും ചേര്‍ത്താണ് നിര്‍മിക്കുന്നത്. 370 രൂപയാണ് ഇതിന്റെ മൂല്യം.

ഇത്തവണത്തെ മെഡലിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റീസൈക്കിള്‍ ചെയ്ത ഉപകരണങ്ങള്‍ മെഡല്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗ ശൂന്യമായി ഉപേക്ഷിച്ചിട്ടുള്ള മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റീസൈക്കിള്‍ ചെയ്ത ശേഷം മെഡലിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് കമ്മിറ്റി ഇതിനായി പ്രത്യേക കാമ്പയിനും സംഘടിപ്പിച്ചിരുന്നു.