സ്ത്രീകളെ ശല്യം ചെയ്ത് പ്രാങ്ക് വീഡിയോ; യൂട്യൂബർ അറസ്റ്റിൽ

Crime Keralam News

കൊച്ചി: പ്രാങ്ക് എന്ന പേരിൽ പൊതു സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യമുണ്ടാക്കുന്ന തരത്തിൽ വീഡിയോയെടുത്ത യു ട്യൂബറെ പോലീസ് അറസ്റ് ചെയ്തു. എറണാകുളം ചിറ്റൂർറോഡ് സ്വദേശിയായ ആകാശ് സൈമൺ മോഹനെയാണ് സ്ത്രീകൾക്കെതിരെ ശല്യം ചെയ്തതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.

ഇത്തരത്തിൽ എറണാകുളത്തെ കച്ചേരിപ്പടിയില്‍ വെച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് എറണാകുളം നോർത്ത് പൊലീസ് ആകാശിനെ പിടിക്കുന്നത്. സ്ത്രീകളോട് അശ്ലീലമായ ആംഗ്യങ്ങൾ കാണിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും കാണിച്ച് പരാതികൾ ലഭിച്ചതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് വില്ലന്‍ ഹബ് എന്ന് പേരിട്ടിട്ടുള്ള യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് പ്രതിയുടെ ശീലം. ഈ ചാനലിൽ ഇതുവരെ അപ്‌ലോഡ് ചെയ്ത അഞ്ചു വീഡിയോകളും ഒഴിവാക്കാൻ വേണ്ട നടപടികൾ പോലീസ് എടുത്തുകഴിഞ്ഞു. ഇയാളുടെ വീഡിയോകൾ ഷൂട്ട് ചെയ്യുവാൻ സഹായിച്ച സുഹൃത്തുക്കളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. അറസ്റ്റു ചെയ്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.