പൂവാർ സ്വദേശിയായ യുവാവിനെതിരെയുള്ള മർദനം; എസ്.ഐ സനലിനെ സസ്‌പെൻഡ് ചെയ്തു

Crime Keralam News

തിരുവനന്തപുരം: പൂവാർ സ്വദേശിയായ സുധീർഖാൻ എന്ന യുവാവിനെ മർദിച്ച കുറ്റത്തിന് പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധുവാണ് എസ്.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മറ്റു നടപടികൾ എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്കായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം ഡ്രൈവറായ സുധീർ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ടതിനു ശേഷം തിരിച്ചു വരുന്ന വഴി പൂവാർ പെട്രോൾ പമ്പിലെത്തി വാഹനത്തിൽ ഇന്ധനം നിറച്ചു. ഇതിനു ശേഷം പമ്പിന് അടുത്ത് തന്നെ മൂത്രമൊഴിക്കുന്നതിനായി വണ്ടി നിർത്തി. ഇതിനിടെ അതുവഴി വന്ന പൂവാർ എസ്.ഐ സനലും മറ്റു ഉദ്യോഗസ്ഥരും സനാളിനെ ചോദ്യം ചെയ്യുകയും ലൈസൻസും ബൈക്കിന്റെ രേഖകളും ആവശ്യപ്പെടുകയും ചെയ്തു. ഇത് എടുക്കാനായി തിരഞ്ഞ സുധീറിനെ ഒരു കാരണവുമില്ലാതെ ലാത്തി വെച്ച് പോലീസുകാർ അടിക്കുകയായിരുന്നു.

ഇതിനു ശേഷം എസ്.ഐ സ്റ്റേഷനിലേക്ക് വരാൻ സുധീറിനോട് പറയുകയും, ഇത് പ്രകാരം സ്റ്റേഷനിൽ എത്തിയ ഇയാളുടെ ഫോൺ വാങ്ങി വെച്ച ശേഷം ക്രൂരമായി മര്ദിക്കുകയുമായിരുന്നു. ഇയാൾ ഇ.എം.എസ് കോളനിയിലുള്ള മുസ്‌ലിം അല്ലെ, എന്തിനിവിടെ വന്നു എന്ന് ചോദിച്ചായിരുന്നു എസ്ഐ മർദിച്ചിരുന്നത്. താൻ അവിടെയാണ് താമസിക്കുന്നത് കല്ലിംഗവിളാകം ചന്തയ്ക്ക് പുറകിലാണെന്നു സുധീർ പറഞ്ഞെങ്കിലും മർദനം തുടരുകയായിരുന്നു.

തനിക്ക് കൈകാലുകൾ വിറയ്ക്കുന്ന രോഗമുണ്ടെന്നും അടിയ്ക്കരുതെന്നും സുധീർ പറഞ്ഞെങ്കിലും എസ്.ഐ അതും കേട്ടില്ല. ഒടുക്കം പരിക്കേറ്റ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നും വീട്ടുകാരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സി.ഐ വരാതെ ഊക്കൻ അനുവദിക്കില്ലെന്നായിരുന്നു മറുപടി. താൻ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്നായിരുന്നു പോലീസ് പറഞ്ഞത്.

ഇയാളെ പോലീസുകാർ റോഡിൽ വെച്ച് മര്ദിക്കുന്നത് കണ്ട നാട്ടുകാർ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് സുധീറിന്റെ ഫോണിലേക്ക് വിളിച്ച കോളുകൾ പോലീസുകൾ കട്ടാക്കിയതായും പരാതിയുണ്ട്. ഇതോടൊപ്പം കാര്യം അന്വേഷിക്കാനായി സ്റ്റേഷനിൽ എത്തിയ സുധീറിന്റെ സഹോദരി ഭർത്താവിനും മോശം അനുഭവം ഉണ്ടായെന്നും, സുധീറിനെ കാണാൻ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. ശേഷം സ്റ്റേഷന് മുന്നിൽ ആളുകൾ കൂടിയതോടെ 7 മണിക്കാണ് പോലീസ് സുധീറിനെ വിട്ടത്. ശേഷം മർദനത്തിൽ കാര്യമായി പരിക്കേറ്റ ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സുധീറിന്റെ ശരീരം ഒന്നാകെ പരിക്കേറ്റിട്ടുണ്ട്. രോഗിയായ ഭാര്യം മകനും മറ്റു രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗം സുധീറായിരുന്നു. ഇപ്പോഴും പണി പൂർണമായും കഴിയാത്ത വീട്ടിലാണ് ഇവർ കഴിയുന്നത്. മർദനത്തോടെ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലാണ് ഇദ്ദേഹം. സംഭവത്തിൽ മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, സംസ്ഥാന പൊലീസ് മേധാവിക്കും, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റിക്കും കുടുംബം പരാതി നൽകിയിരുന്നു.