ആറു മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി മലപ്പുറം മഅദിന്‍ വിദ്യാര്‍ഥി

Breaking Feature Keralam Local

മലപ്പുറം: ഇംഗ്ലീഷ് മീഡിയം പഠനത്തോടൊപ്പം ആറു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനപാഠമാക്കി അത്ഭുതം സൃഷ്ടിച്ച് മഅ്ദിന്‍ വിദ്യാര്‍ത്ഥി ശ്രദ്ധേയമാകുന്നു. മഅദിന്‍ രിബാത്തുല്‍ ഖുര്‍ആനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ബിശാര്‍ ആണ് ഈ മികവുറ്റ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് മീഡിയം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഖുര്‍ആന്‍ പഠനത്തോടുള്ള അതിയായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് ആറ് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കാന്‍ സഹായിച്ചത്. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയും ഈ നേട്ടത്തിന് കരുത്ത് പകര്‍ന്നതായി മുഹമ്മദ് ബിശാര്‍ പറുന്നു. ലോക പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുടെ പാരായണ ശൈലികള്‍ കേള്‍ക്കാനും ഈ വിദ്യാര്‍ത്ഥി സമയം കണ്ടെത്തുന്നു.
കേരള സിലബസ് ഇംഗ്ലീഷ് മീഡിയത്തോടൊപ്പം മികച്ച അത്യാധുനിക സംവിധാനങ്ങങ്ങളോടെ ഖുര്‍ആന്‍ പഠന സൗകര്യമുള്ള സ്ഥാപനമാണ് മഅദിന്‍ രിബാത്തുല്‍ ഖുര്‍ആന്‍. ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ വിദേശ ഭാഷാ പരിശീലനങ്ങളും ഖുര്‍ആന്‍ പാരായണ ശാസ്ത്രം, സര്‍ഗ മേഖലകളില്‍ പ്രായോഗിക പഠന വേദികളും ഇവിടെയുണ്ട്. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ നേരത്തെ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ സംബന്ധിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയായ നിശാദ്-സാജിദ ദമ്പതികളുടെ മകനാണ് ബിശ്ര്. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥിയെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും മാനേജ്മെന്റും അഭിനന്ദിച്ചു.