പുതിയ സ്വകാര്യത നയം സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കില്ല: വാട്‌സ്ആപ്പ്

India News

പുതിയ സ്വകാര്യത നയം സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യതാ നയം സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചവര്‍ക്കുള്ള സേവനം നിര്‍ത്താനാകില്ലെന്നും വാട്‌സ്ആപ്പ്.

വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ നിലവില്‍ വരുന്നത് വരെയാണ് ഇതെന്നും വാട്‌സ്ആപ്പ് കോടതിയെ വ്യക്തമാക്കി. ബില്‍ പ്രാബല്യത്തില്‍ വരുന്നത് വരെ നിലവിലെ പോലെ അപ്‌ഡേറ്റ് വിവരം ഉപഭോക്താക്കള്‍ക്ക് സൂചിപ്പിക്കുമെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

എന്നാല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് ഫേസ്ബുക്കിനോ, വാട്‌സ്ആപ്പിനോ സംരക്ഷണം നല്‍കാന്‍ കോടതി തയ്യാറായില്ല. ജൂലൈ 30 ന് കേസ് വീണ്ടും വാദം കേള്‍ക്കും.