മരണവീട്ടിൽ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് 31000 രൂപ കവർന്നതായി പരാതി

Crime Local News

കോട്ടയം: മരണവീട്ടിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. കോട്ടയം കോതനെല്ലൂരിലാണ് സംഭവം നടക്കുന്നത്. പ്ലാക്കുഴിയിൽ ബേബി എന്നയാളുടെ വീട്ടിൽ നിന്ന് 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു മോഷ്ടാവ് വീട്ടിലേക്ക് കടന്നത്. അന്നേരം അയൽവാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനുമല്ലാതെ മറ്റ് ബന്ധുക്കളാരും വീട്ടിലുണ്ടായിരുന്നില്ല. മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ അൽപ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളിൽ നിര്‍ദ്ദേശം നൽകുകയും ചെയ്ത ശേഷം വീടിനകത്തേക്ക് പ്രതി കയറുകയായിരുന്നു. വീട്ടിൽ പണം വച്ചിരുന്ന രണ്ട് ബാഗുകളിൽ നിന്നായി 31000 രൂപ കവര്‍ന്ന് പിൻവശത്തെ വാതിലിലൂടെ പ്രതി രക്ഷപ്പെടുകയും ചെയ്തു.

വീട്ടുകാർ ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലെത്തിയ പ്രതി മറ്റൊരു ഓട്ടോയിൽ എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം. അന്വേഷണം പുരോഗമിക്കുകയാണ്.