ഈ അനാസ്ഥ എന്തിന്?

Feature Keralam Local

മധുര്‍ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് നാല് ഭാഗവും ഗതാഗത സൗകര്യമുള്ള ഉളിയത്തടുക്ക ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം, ജി. ഡബ്ലിയു. എല്‍. പി. സ്‌കൂള്‍ ശിരിബാഗിലു എന്നാണ് നാമം.1920 ലാണ് സ്‌കൂള്‍ സ്ഥാപിതമായത്.102 വര്‍ഷമായിട്ടും ഇന്നും ആ സ്‌കൂള്‍ അതെ നാമത്തില്‍ തുടരുന്നു. ഈ ശൈഷവാസ്ഥയില്‍ നിന്ന് മാറാന്‍ ഇവിടത്തുകാര്‍ വര്ഷങ്ങളായി ആഗ്രഹിക്കുന്നു. അധികൃതരെ ബന്ധപ്പെടുന്നു. ഫലം നിരാശ മാത്രം.

നാടും നഗരവും വികസനത്തിന്റെ പാതയില്‍ കുതിച്ചുയരുമ്പോള്‍, വിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറികളിലേക്ക് മാറുമ്പോള്‍, വികസനത്തിന് കൊതിക്കുന്ന ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ എന്താണ് തടസ്സം?.
ആവശ്യത്തിന് സ്ഥല സൗകര്യങ്ങള്‍ ഉണ്ടായിട്ടും അനാഥത്വത്തിലേക്ക് തള്ളി നീക്കുന്നത് എന്തിനു വേണ്ടി?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

അധികൃതര്‍ക്ക് പല പ്രാവശ്യം നിവേദനം നല്‍കുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയുമൊക്കെ മുമ്പ് ചെയ്തിരുന്നു. അപ്‌ഗ്രേഡ് ആവേണ്ട സ്‌കൂളുകളുടെ പട്ടികയില്‍ ഈ സ്‌കൂളിന്റെ പേര് വന്നതുമാണ്. പിന്നീടുണ്ടായ തടസ്സങ്ങളെന്ത്?
ജനപ്രതിനിധികളും ഇതില്‍ മൗനം പാലിക്കുമ്പോള്‍ എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

ഇവിടെ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുള്ളത്. ഇവിടെ നിന്നും തുടര്‍ പഠനത്തിനായി കുട്ടികള്‍ നഗരത്തിലെ കിലോമീറ്ററുകള്‍ ദൂരമുള്ള മറ്റു സ്‌കൂളുകളെ ആശ്രയിക്കുമ്പോള്‍ വരുന്ന യാത്ര ക്ലേശം വളരെ വലുതാണ്. ഈ ചെറിയ മക്കള്‍ യാത്ര ചെയ്യുന്ന രംഗം അധികൃതര്‍ ഒന്ന് കാണണം. സ്‌കൂളില്‍ പോവുന്ന സമയത്ത് ഒന്ന് റോഡിലിറങ്ങി നോക്കിയാല്‍ മനസ്സിലാവും. (സീതാഗോളി, മധുര്‍, റൂട്ടിലോടുന്ന ബസിലെ രംഗം ).
സര്‍ക്കാര്‍ വാഹനങ്ങളിലും സ്വന്തം വാഹനങ്ങളിലും തേരാ പാര പാഞ്ഞു നടക്കുന്നതിനിടയില്‍ ഇങ്ങനെയുള്ള കാഴ്ചകളും ബന്ധപ്പെട്ടവര്‍ കാണേണ്ടിയിരിക്കുന്നു.

ഈ ചെറിയ കുട്ടികള്‍ക്ക് ഇതേ സ്‌കൂളില്‍ പഠിക്കാനുള്ള അവകാശമാണ് ഇവിടുത്തെ രക്ഷിതാക്കളും കുട്ടികളും ചോദിക്കുന്നത്. സ്ഥാപനങ്ങള്‍ ഉയര്‍ത്താന്‍ നോക്കേണ്ടവര്‍ തന്നെ ഇതെല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നത് ആര്‍ക്ക് വേണ്ടി?

അതിനേക്കാളും രസം ഇതൊരു വെല്‍ഫെയര്‍ സ്‌കൂള്‍ കൂടിയാണ്. അപ്പോള്‍ പാവപ്പെട്ട കുട്ടികള്‍ 5വരെ പഠിച്ചാല്‍ മതി എന്നാണോ?
കൊറോണ സമയത്ത് കുട്ടികള്‍ക്ക് പഠിക്കാനുള്ള മൊബൈല്‍ ഫോണ്‍, ടി. വി. ഇല്ലാത്തവര്‍ക്ക് കൊടുക്കാനുള്ള അന്വേഷണത്തില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടില്‍ കറന്റ് പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതില്‍ പരം മറ്റെന്താണ് പറയാനുള്ളത്. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറന്നെങ്കില്‍, ഈ കുഞ്ഞു മക്കള്‍ക്ക് ഇവിടെ തന്നെ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിക്കുന്നു.

ആബിദ അബ്ദുല്‍കാദര്‍
പുളിക്കൂര്‍