ആദ്യം കോഡൂരിലെ ഷംനാദ്, പിന്നീട് തിരൂര്‍ തൃപ്രങ്ങോട് സാബിനൂല്‍, അവസാനം പടിഞാറേക്കരയിലെ റിയാസ്. മലപ്പുറത്തുനിന്നും നാടുകടത്തിയ പ്രതികളെല്ലാം വിലക്ക് ലംഘിച്ച് ജില്ലയിലെത്തി വീണ്ടും അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: ആദ്യം കോഡൂരിലെ ഷംനാദ്, പിന്നീട് തിരൂര്‍ തൃപ്രങ്ങോട് സാബിനൂല്‍, അവസാനം പടിഞാറേക്കരയിലെ റിയാസ്.
മലപ്പുറത്തുനിന്നും നാടുകടത്തിയ പ്രതികളെല്ലാം വിലക്ക് ലംഘിച്ച് ജില്ലയിലെത്തി വീണ്ടും അറസ്റ്റില്‍. ഗുണ്ടാ ആക്ട് നിയമപ്രകാരം മലപ്പുറം ജില്ലയില്‍നിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതികളാണ് വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുന്നത്. ദിവസങ്ങള്‍ക്കുള്ള പിടിയിലാകുന്നത് മൂന്നാമത്തെ പ്രതി. നാടുകടത്തിയ പടിഞാറേക്കര സ്വദേശി റിയാസ് മയക്കുമരുന്ന് , കവര്‍ച്ച, കൊലപാതകശ്രമ കേസുകളിലെ പ്രതി.. കഴിഞ്ഞ ദിവസങ്ങളിലായി സമാനമായ രീതിയില്‍ നാടുകടത്തിയ രണ്ടുപ്രതികള്‍ ജില്ലയില്‍ പ്രവേശിച്ച് പിടിയിലായിരുന്നു. ജില്ലയില്‍ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായി. നിരവധി കേസുകളില്‍ പ്രതിയായ പടിഞാറേക്കര സ്വദേശി റിയാസ് (32) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയും സംഘവും പിടികൂടിയത്. മയക്കുമരുന്ന് , കവര്‍ച്ച, കൊലപാതകശ്രമ കേസുകള്‍ തുടങ്ങിയവയില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ .ജി യാണ് ഉത്തരവിറക്കിയത്. ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയതിനെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . എസ് .ഐ ജിഷില്‍. വി, എ.എസ്.ഐപ്രതീഷ് കുമാര്‍, സീനിയര്‍ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്‍, സുബാഷ്, ജിനേഷ് , ആന്റണി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയില്‍നിന്നും കാപ്പ ചുമത്തി നാടുകടത്തിയ കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദ് വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് പിടിയിലായതിന് തൊട്ടുപിന്നാലെ കാപ്പ ചുമത്തി നാടുകടത്തിയ മറ്റൊരുപ്രതിയും വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് പിടിയിലായിലായത് കഴിഞ്ഞ ദിവസമാണ്. ഒരുവര്‍ഷത്തേക്കു നാടുകടത്തിയ വിവിധ കേസുകളില്‍ പ്രതിയായ തിരൂര്‍ തൃപ്രങ്ങോട് സ്വദേശി ആലുക്കല്‍ വീട്ടില്‍ സാബിനൂല്‍ (38) ആണ് അറസ്റ്റില്‍ ആയത്.
നേരത്തെ പിടിയിലായ ഷംനാദ് അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തലവന്‍ അര്‍ജുന്‍ ആയങ്കിക്കു കരിപ്പൂര്‍ വിമാനത്തവളത്തിലെ സ്വര്‍ണക്കടത്തു വിവരങ്ങള്‍ ഉള്‍പ്പെടെ അറിയിച്ച് ചാരനായി പ്രവര്‍ത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് രഹസ്യങ്ങളും, പോലീസ് നീക്കങ്ങളുംവരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസിന് ലഭിച്ചിരുന്നു. അതേ സമയം പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂല്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജിഷില്‍, സി.പി.ഒ ഉണ്ണിക്കുട്ടന്‍, സി.പി.ഒ ധനീഷ്, തിരൂര്‍ ഡന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (കാപ്പ )പ്രകാരം സാബിനൂലിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.
സമാനമായാണ് നേരത്തെ ഷംനാദു പിടിയിലായിരുന്നത്. മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ കോഡൂരിലെ ആമിയന്‍ ഷംനാദാണ്(25) കാപ്പ ചുത്തി മലപ്പുറം ജില്ലയില്‍നിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് ഷംനാദിനെ മലപ്പുറം താനൂരില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു സ്‌പെഷ്യല്‍ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്നു പ്രതിയെ താനൂര്‍ പോലീസ് സ്റ്റേഷനില്‍കൊണ്ടുപോകുകയായിരുന്നു. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്‍മേലായിരുന്നു ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. ജില്ലയില്‍ കടക്കാന്‍ പാടില്ലെന്നിരിക്കെ ജില്ലയിലെ താനൂരില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്കു താനൂരില്‍ ഒളിവില്‍ കഴിയാന്‍ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പോലീസ് പരിശോധിച്ചിരുന്നു. ഇത്തരം പ്രതികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്ന നിലപാടിയാണ് പോലീസ്.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ(ഗുണ്ടാ ആക്ട്). 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്. അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്. പൊതുസുരക്ഷയ്ക്കും, സമാധാനത്തിനും കോട്ടം വരുത്തുന്നവരേയും അറിയപ്പെടുന്ന ഗുണ്ടകള്‍, അതുപോലെ അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. വിദേശ രാജ്യങ്ങളില്‍നിന്നു ഹവാലഇടപാടിലൂടെ പണം കടത്തുന്നവരേയും പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, തുടങ്ങിയവര്‍ ഇതില്‍പ്പെടും. ബ്‌ളേഡിനു പണം നല്‍കിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവര്‍, എന്നിവരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.