എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പട്ടിക ഉണ്ടാക്കാനാവില്ല; ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും മറുപടിയുമായി വി ഡി സതീശൻ

Keralam News Politics

കൊച്ചി: ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ച രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയില്ലെന്ന രണ്ടു പേരുടെയും വാദം ശരിയല്ലെന്ന് സതീശൻ പറഞ്ഞു. ഒരു മൂലയിലിരുന്നു താനും സുധാകരനും കൂടെ ഉണ്ടാക്കിയ ലിസ്റ്റല്ല കേന്ദ്രത്തിനു അയച്ചതെന്നും എല്ലാവർക്കും തൃപ്തിയുള്ള ഒരു പട്ടിക തയ്യാറാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിൽ വരെ ഒരുപാട് ചർച്ചകൾ ഇത് സംബന്ധിച്ച് നടത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ നൽകുന്ന പട്ടിക അയക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ഈ സ്ഥാനത്ത് താൻ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡിസിസി പട്ടികയിൽ ഉൾപ്പെട്ട ആരും പെട്ടിത്തൂക്കികളല്ലെന്നും ഇത്തരത്തിലുള്ള വിമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഒരു വശത്തു ചെന്ന് പട്ടിക വൈകിയെന്നു പറയുകയും മറ്റൊരു വേഷത്തിലൂടെ ഇത് നീട്ടികൊണ്ട് പോവുകയും ചെയ്യുന്നത് ശരിയായ കാര്യമല്ല. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം കെ സുധാകരനും താനും കൂടെ ഏൽക്കുമെന്നും ആവശ്യമില്ലാത്ത സമ്മർദ്ദത്തിന് ഒരിക്കലും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ തിരികെ കൊണ്ട് വരുന്നതിനുള്ള ശ്രമമാണ് ഈ പുനസംഘടനയോടെ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.