ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ

Health Keralam News

കോവിഡ് സമയത്തും ഡോക്ടര്‍മാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഇതിനെതിരായി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സംഘടന വ്യക്തമാക്കി.

വലിയ മാനസിക സമ്മർദത്തിനിടയിലും അധിക ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഡോക്ടർമാരുടെ ശമ്പളം ഉയർത്തുന്നതിന് പകരം ഇപ്പോഴുള്ള ശമ്പളം പോലും വെട്ടികുറച്ചിരിക്കുകയാണ്. ഇതിനോടൊപ്പം ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ചില അലവൻസും ആനുകൂല്യങ്ങളും ഒഴിവാക്കുകയും ചെയ്തു. എല്ലാവരും പ്രതികൂല അവസ്ഥയിലും ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് കൂടുതൽ ഇന്‍ഷുറന്‍സ് പരിരക്ഷയും ആനുകൂല്യങ്ങളും റിസ്‌ക് അലവന്‍സും നൽകുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് എതിരായ നിലപാടെടുത്തതെന്ന് സംഘടന പറഞ്ഞു.

എന്‍ട്രി കാഡറിലുണ്ടായിരുന്ന അടിസ്ഥാന ശമ്പളം കുറച്ചു, റേഷ്യോ പ്രമോഷനും പേഴ്‌സണല്‍ പേയും നിർത്തി, മൂന്നാം ഹയര്‍ഗ്രേഡിനും റിസ്‌ക് അലവന്‍സിനും അനുമതി നൽകിയില്ല, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കിം തുടങ്ങുവാൻ ഉത്തരവായില്ല തുടങ്ങിയവയാണ് സംഘടന പറയുന്ന പ്രധാന പ്രശനങ്ങൾ. ഈ രീതിയിലുള്ള സർക്കാർ നടപടികൾ ആത്മാർത്ഥതയോടെ ഈ ജോലി ചെയ്യുന്ന ആളുകളെ അപമാനിക്കുന്നത് പോലെയാണെന്ന് കെജിഎംഒഎ ആരോപിച്ചു.

സർക്കാർ നടപടികളോടുള്ള വിയോജിപ്പിന്റെ ഭാഗമായി ആഗസ്റ്റ് 31 n സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് രോഗപരിചരണത്തെ ബാധിക്കാതെ പ്രതിഷേധയോഗങ്ങളും മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ സംഘടനയുടെ നേതൃത്വത്തിൽ ധര്‍ണ്ണയും നടത്തുമെന്ന് സംഘടന അറിയിച്ചു. ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കനത്ത പ്രത്യക്ഷ പ്രതിഷേധങ്ങൾ നടത്തുമെന്ന് പറഞ്ഞതിനോടൊപ്പം ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് കെ ജിഎംഒഎ ആവശ്യപ്പെടുകയും ചെയ്തു.