മോന്‍സണ്‍ മാവുങ്കലിനെപ്പോലെയുള്ള തട്ടിപ്പുകാര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം വളരാന്‍ കാരണമെന്താണ്?

Feature

പത്തുകോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ കൊച്ചിയിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കൽ കബളിപ്പിച്ചത് സാധാരണക്കാരെ മാത്രമല്ല, സിവിൽ സർവ്വീസിലേയും സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രഗത്ഭരെയാണ്. അയാളുടെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തിൽ നല്ലൊരു പങ്കും വ്യാജമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിന്നും തെളിയുന്നത്. എന്തുകൊണ്ടാണ് മോൻസൺ മാവുങ്കലിനെപ്പോലെയുള്ള തട്ടിപ്പുകാർ കേരളത്തിൽ വളരുന്നതെന്ന ചോദ്യത്തിന് വളരെയധികം പ്രസക്തിയുണ്ട്. സാക്ഷരതയുടേം വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മുൻപന്തിയിലുള്ള കേരളം, യുക്തിയുടെയും സാമാന്യബോധത്തിന്റെയും കാര്യത്തിൽ പിന്നിലായിപ്പോവുന്നത് എന്ത് കൊണ്ടായിരിക്കും.

അതിലേറ്റവും മുന്നിൽ നിൽക്കുന്നത് അന്ധമായ മതവിശ്വാസം തന്നെയാണ്. വേറെയൊരു മനുഷ്യനും ഇല്ലാത്ത ഒടുക്കത്തെ നൊസ്റ്റാൾജിയയാണ് മറ്റൊന്ന്. പിന്നെയുള്ളത്, മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടിയുള്ള പുരാതന സാധനങ്ങളിലുള്ള കമ്പവും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരാൾ സെലിബ്രറ്റിയുടെ കൂടെയുള്ള പടമൊക്കെയിടുമ്പോൾ അയാൾ സ്വീകാര്യനാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് അയാളുമായുള്ള എല്ലാ ഇടപാടുകളും മുൻപിൻ ചിന്തിക്കാതെ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ ഒട്ടനവധി കുഞ്ഞു കാര്യങ്ങളാണ് മലയാളികളെ വലിയ വഞ്ചനയ്ക്ക് ഇരയാക്കുന്നത്.

ഏതെങ്കിലുമൊക്കെ മതത്തിന്റെ മിത്തിൽ പറഞ്ഞിട്ടുള്ള , ശരിക്കും അങ്ങനെയൊന്ന് ഉണ്ടെന്ന് ഉറപ്പുപോലുമില്ലാത്ത വസ്തുക്കൾ തന്റെ കൈവശമുണ്ടെന്ന് ഒരാൾ അവകാശപ്പെടുമ്പോൾ കൊച്ചുകുട്ടികൾ വരെ ചിലപ്പോൾ അയ്യേ, ഇതെന്തൊരു തട്ടിപ്പെന്ന് പറഞ്ഞ് പിന്മാറുമായിരിക്കും. എന്നാൽ അത്രമേൽ വിദ്യാഭ്യാസവും ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുള്ള ചില പ്രബുദ്ധർ അത് സത്യമാണെന്ന് വിശ്വസിച്ച് വാങ്ങിക്കുന്നുവെന്നതാണ് യാഥാർഥ്യം. മോശയുടെ അംശവടി എന്നൊക്കെ പറഞ്ഞ് വിൽപ്പന നടത്തുമ്പോൾ നമ്മുടെ നാട്ടിലെ അറിയപ്പെടാത്ത ഏതെങ്കിലുമൊക്കെ ആശാരിയപ്പോൾ ‘മോശയുടെ അംശവടി’കളുടെ നിർമ്മാണത്തിൽ മുഴുകിയിരിക്കുകയാവും. ടിപ്പുസുൽത്താന്റെ സിംഹാസനം വിൽക്കാനുണ്ടെന്ന് കേട്ടാൽ മരിച്ചുപോയ ടിപ്പുവൊക്കെ തിരിച്ചുവന്ന് ചിരിച്ചുമരിക്കാൻ സാധ്യതയുണ്ട്. പുരാതന വസ്തുക്കളെന്ന് പറഞ്ഞ് വിൽക്കുന്ന സാധനങ്ങളുടെ പഴക്കവും നിർമ്മാണവുമൊക്കെ പരിശോധിക്കാനുള്ള ഉപകരണങ്ങളൊക്കെയുണ്ടായിട്ടും, ആ വഴിക്കൊന്നും പോവാതെ കണ്ടത് വിശ്വസിച്ച് കോടികൾ മുടക്കി അതിന്റെ നൂറിലൊരു വിലയ്ക്ക് തൊട്ടടുത്ത കടയിൽ നിന്ന് വാങ്ങിക്കാൻ കിട്ടുന്ന സാധനങ്ങൾ വാങ്ങുന്നതിനെ എന്ത് പേരിട്ട് വിളിക്കണം. യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്ത മുപ്പത് വെള്ളി നാണയങ്ങളിൽ ചിലതൊക്കെ കയ്യിലുണ്ടെന്ന് പറയുമ്പോൾ അതൊക്കെ വിശ്വസിക്കുന്ന വലിയൊരു ജനത അയാളുടെ കൂടെയുണ്ടെന്ന് കാര്യം വിസ്മരിക്കരുത്. ഇത് ഏതെങ്കിലുമൊരു മതത്തിന്റെ പേരിലല്ല, എല്ലാ മതത്തിലുമുണ്ട് വ്യത്യസ്തങ്ങളായ തട്ടിപ്പുകൾ. പ്രവാചകന്റെ മുടിയൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നവർ കുറച്ചൊന്നുമല്ലല്ലോ. വിഗ്രഹണങ്ങളുടെ പേരിലും നിരവധി തട്ടിപ്പുകൾ ദിനം പ്രതിയെന്നോണം നടക്കുന്നുണ്ട്. മതം തന്നെ ബിസിനസായി മാറുമ്പോൾ തട്ടിപ്പുകൾ അതിനേക്കാൾ കൂടുതൽ വളർന്നു വരുമെന്നാണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത്.

പുരാവസ്തു ശേഖരണവുമായി ബന്ധപ്പെട്ട വലിയ തട്ടിപ്പുകൾ നടക്കാനിടയുള്ളതു കൊണ്ട് തന്നെ ഇന്ത്യൻ ആന്റിക്വിസ്റ്റിക് ആൻഡ് ആർട്സ് ആക്ട് എന്നൊരു നിയമം തന്നെയുണ്ട്. 1972 ലാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടുവന്നത്. നൂറു വർഷത്തിലധികം പഴക്കമുള്ള പുരാവസ്തു ശേഖരങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ രെജിസ്റ്റർ ചെയ്യണമെന്നാണ് നിയമം പറയുന്നത്. വ്യക്തികൾക്കും സ്വകാര്യ മ്യൂസിയങ്ങൾക്കും ഈ നിയമം ബാധകമാണ്. രെജിസ്റ്റർ ചെയ്യുന്ന സമയത്ത് അതിന്റെ ആധികാരികത പരിശോധിക്കുകയും ചെയ്യണമെന്നാണ് പറയുന്നത്. മാത്രമല്ല വിദേശത്ത് കയറ്റി അയക്കാൻ കേന്ദ്ര സർക്കാറിന് മാത്രമാണ് അധികാരമുള്ളത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് വൻ തോതിൽ പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോയിരുന്നത് തടയാനാണ് അന്ന് ഇത്തരത്തിലൊരു നിയമം വന്നത്. ഇന്നും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നതാണ് വാസ്തവം.

ഓൺലൈൻ വഴി പലതരത്തിലുള്ള തട്ടിപ്പുകളും വ്യാപകമാകുന്ന കാലം കൂടിയാണ് ഇത്. വിദേശ രാജ്യങ്ങളിലുള്ളവർ സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നതും ഫോണിലേക്ക് ഓ.ടി.പി അയച്ച് അത് ബാങ്കിൽ നിന്ന് വേരിഫിക്കേഷന് വേണ്ടിയിട്ടാണെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതുമൊക്കെ അതിൽ ചിലത് മാത്രം. ഇതിലൊക്കെ വഞ്ചിക്കപ്പെടുന്നവരിൽ അധികവും ഉയർന്ന സ്ഥാനമാനങ്ങളും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണെന്നതാണ് വിരോധാഭാസം. എന്തെങ്കിലും വിവാദങ്ങൾ വരുമ്പോൾ മാത്രം ബോധമുണ്ടാവുകയും ആ വിഷയം കെട്ടടങ്ങുമ്പോൾ പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയും ചെയ്യുന്ന പ്രത്യേകതരം സ്വഭാവമുണ്ട് മലയാളികൾക്ക്. ആ വിവരമില്ലായ്മ തന്നെയാണ് തട്ടിപ്പുകാർ പലരീതിയിൽ മുതലെടുക്കുന്നത്. പുറത്ത് വന്ന തട്ടിപ്പിനേക്കാൾ പുറത്തറിഞ്ഞാൽ മാനം പോകുമെന്നുള്ളത് കൊണ്ട് പറയാതിരിക്കുന്ന ചതികളാവും അധികം.
ചരിതം മാത്രം അറിഞ്ഞിട്ട് കാര്യമില്ല, ചരിത്രപരമായ, സാമാന്യമായ വിജ്ഞാനം കൂടി വേണം. അതിന്റെ അഭാവമാണ് മലയാളികളെ കെണിയിലാക്കുന്നത്.