മൂന്നു ദിവസംകൊണ്ടെ് 5500 രൂപക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ച് 14കാരന്‍

Entertainment Feature News

മൂന്നു ദിവസംകൊണ്ടൊരു മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ച് 14കാരന്‍, അതും വെറും 5500 രൂപമാത്രം ചെലവഴിച്ച്. മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശിയായ പതിനാലുകാരനായ മുന്‍തദിറാണ് ഈ നേട്ടംകൈവരിച്ചത്. പഴയ ബൈക്കിന്റെ പാര്‍ട്സുകളും പഴയ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
കാഴ്ചക്ക് സൈക്കിളിന്റെ രൂപമാണെങ്കില്‍ ബൈക്കിന്റെ പ്രവര്‍ത്തനവും ഇതിലുണ്ട്. രൂപഘടന ആദ്യം വരച്ചുണ്ടാക്കിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതെന്നു മുന്‍തദിര്‍ പറഞ്ഞു.
അയല്‍വാസി ഒഴിവാക്കിയ പഴയ ബൈക്കിന്റെ യന്ത്ര ഭാഗങ്ങള്‍ പിതൃ സഹോദരന്റെ ഇന്റസ്ട്രിയല്‍ വര്‍ക് ഷാപ്പില്‍വെച്ചു ശരിയാക്കിയെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞത്.

ഇന്ധന ടാങ്കായി വാട്ടര്‍ ബോട്ടിലാണ് ഉപയോഗിച്ചിട്ടുളളത്. സൈക്കിളിനെ പോലെയാണെങ്കിലും ഏതു കുത്തനെയുള്ള കയറ്റവും ഇത് നിഷ്പ്രയാസം കയറിപ്പോകും. അതോടൊപ്പം പത്ത് കിലോമീറ്റര്‍ മൈലേജും നിലവിലുണ്ട്. പെട്രോള്‍ വില അനന്തമായി കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഇലക്ട്രിക് സൈക്കിള്‍ ബൈക്ക് കൂടി നിര്‍മിക്കാന്‍ കഴിയുന്നതിനെ കുറിച്ചാണു മുന്‍തദിര്‍ ആലോചിക്കുന്നത്്

കൂട്ടിലങ്ങാടി ജി.യു.പി.സ്‌കൂളില്‍ പഠിക്കവെ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓട്ടോമാറ്റിക് ഹൈഡ്രോളിക് സ്ട്രെക്ചറും ഹെലികാമും നിര്‍മ്മിച്ച് രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടിയ പിന്‍ബലത്തിലാണ് സൈക്കിള്‍ ബൈക്ക് നിര്‍മ്മിക്കുന്നതിന് പ്രചോദനമായതെന്ന് മുന്‍തദിര്‍ പറയുന്നു.
പയ്യോളി ജി.യു.പി.സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാന്റെയും സൗദയുടെയും നാല് മക്കളില്‍ ഇളയവനായ മുന്‍ത ദിര്‍ മക്കരപറമ്പ ഗവ: ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.