ശരീരം തളര്‍ന്ന് ജീവിതം വീല്‍ചെയറില്‍ചെറുകഥ ഷോര്‍ട്ട് ഫിലിമായി,സലീനയുടെ ലക്ഷ്യം ഇനി സിനിമ

Feature News Videos

വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് സലീന മൊബൈലില്‍ കുറിച്ചിടുന്ന ഓരോ എഴുത്തുകള്‍ക്കും വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വയം ആസ്വദിച്ചു എഴുതുന്ന ഓരോ കഥകളും നോവലുകളും അത്രയേറെ മനോഹരമാണ്.

സ്പൈനല്‍ മാസ്‌ക്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച് ശരീരം തളര്‍ന്നു വീല്‍ ചെയറിലേക്കും നാലു ചുരമരുകള്‍ക്കിടയിലേക്കും ഒതുങ്ങിയ ജീവിതത്തെ എഴുത്തിലൂടെ അത്ഭുതമാക്കി തീര്‍ത്തിരിക്കുകയാണ് സലീന. മൂന്ന് വര്‍ഷം മുന്‍പ് സമാനഅസുഖമുള്ള ആളുകളോടൊപ്പം നടത്തിയ യാത്രയുടെ അനുഭവം എഴുതിയാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. അന്ന് ലഭിച്ച നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വീണ്ടും എഴുതാന്‍ പ്രേരണയായി.

ഹനീഫ ഇരുമ്പഴി അവതരിക എഴുതിയ സലീനയുടെ ആദ്യ നോവല്‍ സമാഹാരമായ സുറുമിയുടെ സ്വന്തം ഇബ്‌നു ഈ മാസം പതിനേഴാം തീയതി പ്രകാശനം ചെയ്യാനിരിക്കുകയാണ്. ഇതിനിടെയാണ് ഇരട്ടി മധുരം എന്നോണം എഴുതിയ മറ്റൊരു ചെറുകഥ ഷോര്‍ട്ട് ഫിലിംമാക്കാന്‍ പോകുന്നത്.

എട്ടാം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസം നേടാനായ സലീന പണ്ടുമുതലേ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എഴുതുകള്‍ക്ക് പുറമെ മംഗളം, മനോരമ തുടങ്ങിയ ആഴ്ച പതിപ്പുകളുടെയും സ്ഥിരം വായനക്കാരിയായിരുന്നു. ഇനി ഒരു സിനിമയ്ക്കുള്ള കഥ എഴുതണമെന്നാണ് സലീനയുടെ വലിയ സ്വപ്നം.