വൈറലായ ഉസ്താദ് ഇപ്പോഴും കപ്പ വില്‍ക്കുകയാണ്

Feature Keralam

മലപ്പുറം: വഴിയോരത്ത് കപ്പ വിറ്റ് വൈറലായ ഉസ്താദിനെ ഓര്‍മ്മയില്ലേ. ക്ഷണിക നേരം കൊണ്ട് സ്വപ്നം പോലെ ജീവിതം മാറിമറിഞ്ഞെങ്കിലും കലാംഉസ്താദ് ഇപ്പോഴും തെരുവോരത്ത് കപ്പ കച്ചവടം ചെയ്യുകയാണ്. പള്ളികളും മദ്രസകളും സജീവമല്ലാത്തതിനാല്‍ ഈ തൊഴിലുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ഉസ്താദ് ഉദ്ദേശിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകന്റെ സഹായാത്താല്‍ വാടകവീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റിയ ഉസ്താദ് പക്ഷെ, ജീവിതത്തില്‍ സംതൃപ്തനാണ്. ഭാര്യയും ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞുമടങ്ങുന്നതാണ് ഉസ്താദിന്റെ കൊച്ചു ലോകം.

ലോക്ക് ഡൌണ്‍ സമയത്ത് ജോലി നഷ്ടപെട്ട ഒരുപാട് സാധാരണക്കാരില്‍പ്പെട്ട ഒരാളായിരുന്നു കലാം ഉസ്താദും. പക്ഷെ തോറ്റുപോവാതെ മറ്റൊരു ജോലിയിലേക്ക് തിരിഞ്ഞുവെന്നിടത്താണ് ഈ മനുഷ്യന്റെ വിജയം. തന്റെ യൂണിഫോം അഴിച്ചുമാറ്റാതെ കപ്പ കച്ചവടത്തിനിറങ്ങിയ കലാം ഉസ്താദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വൈറലായ സമയത്ത് 100 കിലോ കപ്പ വരെ ഒരു ദിവസം വിറ്റിരുന്നു. ഇപ്പോള്‍ 50 കിലോയാണ് വില്‍ക്കാറുള്ളത്. ഇപ്പോഴും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ടെന്നും വൈറലായ ഉസ്താദല്ലേയെന്ന് ചോദിച്ച് കുറെയധികം കപ്പ വാങ്ങിക്കാറുണ്ടെന്നും ഉസ്താദ് ചെറു പുഞ്ചിരിയോടെ പറയുന്നു.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കോളേജില്‍ നിന്നാണ് ഉസ്താദ് സനദ് കരസ്ഥമാക്കിയിട്ടുള്ളത്. കാസര്‍കോഡ് മദ്രസ അദ്ധ്യാപകനായിരുന്ന സമയത്ത് സ്വന്തം നാടായ മലപ്പുറത്ത് ഒരു ജോലിയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഉസ്താദ് തുറന്നു പറയുന്നു. അദ്ധ്യാപനം നഷ്ടപ്പെട്ടതോടെ ആ വഴി തുറന്നു. കയ്യില്‍ കുറച്ച് പണം ബാലന്‌സുണ്ടായിരുന്നു. അങ്ങനെയാണ് കപ്പ കച്ചവടത്തിലെത്തിയത്. കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോവാമെന്നുള്ള ആത്മ വിശ്വാസം ഉസ്താദിനുണ്ടായിരുന്നു കച്ചവടം ഇസ്ലാമില്‍ അനുവദനീയമായ തൊഴിലാണ്. പ്രവാചക പത്‌നിയായ ഖദീജ ബീവിയാണ് പ്രവാചകന് കച്ചവടം ആദ്യമായി പഠിപ്പിച്ചുകൊടുത്തത്. ആ നിലയ്ക്ക് കച്ചവടം ഏറെ ബര്‍ക്കത്തുള്ള തൊഴിലാണെന്നാണ് ഉസ്താദിന്റെ പക്ഷം.

ഫേമസായപ്പോള്‍ വീടിനെക്കുറിച്ച് എല്ലാരും അന്വേഷിച്ചിരുന്നു. അന്ന് പള്ളി കോട്ടേഴ്‌സിലായിരുന്നു താമസം. കുറെ മാസത്തെ വാടക കൊടുത്തു തീര്‍ക്കാനുണ്ടായിരുന്നു. ഈ അവസ്ഥ അറിഞ്ഞപ്പോള്‍ തന്നെ കുറെ പേര് വീട് വാഗ്ദാനം ചെയ്തിരുന്നു. ഉസ്താദിന്റെ വീട് നിര്‍മ്മിച്ച് കൊടുത്തത് മുന്‍ സൈനികനായ അബ്ദുല്‍ ഹക്കീം എന്ന മനുഷ്യസ്‌നേഹിയാണ്. ഒരുപാട് ചാരിറ്റി ചെയ്യുന്ന അദ്ദേഹത്തിന് പാലക്കാടും ഗുജറാത്തിലുമൊക്കെ ബിസിനസുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ കുറെ ഫോളോവേഴ്‌സ് വീട് പണിക്ക് സഹായിച്ചിട്ടുണ്ട്. കൂടാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും കുറെ സഹായങ്ങള്‍ ലഭിച്ചു.

മക്കരപ്പറമ്പ ഇരുപത്തേഴിലെ വഴിയോരത്തായിരുന്നു ആദ്യം കച്ചവടം ചെയ്തിരുന്നത്. ഇപ്പോഴത് മലപ്പുറം മൈലപ്പുറം നൂറാടിപ്പാലത്തിന് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ കപ്പ ഇറക്കുന്ന ആളുകള്‍ നേരിട്ട് ഉസ്താദിന് കപ്പ ഇറക്കിക്കൊടുക്കയാണ് ചെയ്യുന്നത്. കപ്പ തീരുന്നത് വരെ കച്ചവടം ചെയ്യും. ചിലപ്പോള്‍ ഉച്ച ആവുമ്പോഴേക്കും സ്റ്റോക്ക് തീരും. ചില ദിവസങ്ങളില്‍ വൈകുന്നേരമാവും. എന്നാലും അന്നന്ന് കഴിയാനുള്ളത് തന്റെ തൊഴിലില്‍ നിന്ന് തനിക്ക് കിട്ടുന്നുണ്ടെന്ന് ഉസ്താദ് അഭിമാനത്തോടെ പറയുന്നു.

വൈറലായ സമയത്ത് ഫോണ്‍ കോളുകള്‍ കൊണ്ട് ബഹളമായിരുന്നുവെന്ന് ഉസ്താദ് ഓര്‍ക്കുന്നു. കച്ചവടം നടത്താന്‍ പറ്റാതെ വരെ പോയിട്ടുണ്ട് ആ സമയത്ത്. എല്ലാ പത്രങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലുമൊക്കെ നിറഞ്ഞുനിന്നതിന് കാരണം തന്റെ യൂണിഫോമാണെന്നാണ് ഉസ്താദ് പറയുന്നത്. തന്റെ വിശുദ്ധ വസ്ത്രം അഴിച്ചുവെക്കാതെ പണിയെടുത്തതു കൊണ്ടാണ് വൈറലായത്.

തൊഴില്‍ നഷ്ടമായി നില്‍ക്കുന്നവര്‍ക്ക് ഉസ്താദിന്റെ ജീവിതം നല്‍കുന്നത് വല്ലാത്തൊരു ആത്മവിശ്വാസം തന്നെയാണ്. ഏത് ജോലിയും സത്യസന്ധമായി ചെയ്താല്‍ അന്തസ്സായി ജീവിക്കാമെന്ന് ഉസ്താദ് നമുക്ക് കാണിച്ചു തരുന്നു.

വീഡിയോ സ്‌റ്റോറി കാണാം