സംസ്ഥാനത്തു മദ്യശാലകൾ കുറവെന്ന് ഹൈക്കോടതി നിരീക്ഷണം

Keralam News

കൊച്ചി: അയൽസംസ്ഥാനത്തെ അപേക്ഷിച്ചു സംസ്ഥാനത്തു മദ്യശാലകളുടെ എണ്ണം കുറവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തിൽ മദ്യവില്പന ശാലകളിൽ അടിസ്ഥാനസൗകര്യം ഉയർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്തുകൂടേയെന്നും ഹൈക്കോടതി ചോദിച്ചു.

അയൽസംസ്ഥാനങ്ങളിൽ 2000 ത്തോളം മദ്യവില്പന ശാലകൾ ഉള്ളപ്പോൾ കേരളത്തിൽ ആകെയുള്ളത് 300 എണ്ണം മാത്രമാണ്. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ പോലും കേരളത്തിൽ ഉള്ളതിനേക്കാൾ അധികം മദ്യശാലകളുണ്ട്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് ചെയ്യുന്നതും ആലോചിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുമുൻപ് മദ്യശാലകൾക്കു മുന്പിലുണ്ടായ വലിയ ആൾക്കൂട്ടത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ആ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാരോട് ബെവ്‌കോ പറഞ്ഞിരുന്നു. എന്തായാലും ഇതുവരെയുള്ള ബെവ്കോയുടെ പ്രവർത്തനങ്ങളിൽ ഹൈക്കോടതിക്ക് സംതൃപ്തിയുണ്ട്.

ആൾകൂട്ടം ഇല്ലാതാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ ബെവ്‌കോ ഇറക്കിയിട്ടുണ്ട്.നിലവിലുള്ള രണ്ടു കൗണ്ടറുകൾക്ക് പകരം ആറു കൗണ്ടറുകളാക്കുക, ടോക്കൺ രീതി നിലവിൽ കൊണ്ടുവരിക, മദ്യം വാങ്ങാൻ വരുന്നവർക്ക് കുടിവെള്ളം ഉറപ്പാക്കുക, സാമൂഹ്യ അകലം പാലിക്കാനായി മുൻപേ രേഘപെടുത്തിയ വട്ടത്തിനുള്ളിൽ നിർത്തുക, അനൗൺസ്‌മെന്റ് നടത്തുക, ആവശ്യമെങ്കിൽ പൊലീസ് സഹായം തേടുക, അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ഷോപ്പുകൾ മാറ്റുക തുടങ്ങിയവയെല്ലാം പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടും.