ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധം; കർണാടകയിലെ കോൺഗ്രസ് നേതാക്കൾ സഭയിലെത്തിയത് കുതിരവണ്ടിയിൽ

India News Politics

ബെംഗളുരു: നിയമസഭയിലേക്ക് കുതിരവണ്ടിയിലെത്തി രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവർ ഉൾപ്പെടെയുള്ള എല്ലാ കോൺഗ്രസ് പ്രതിനിധികളും കുതിരവണ്ടിയിലായിരുന്നു നിയമസഭയിലേക്കെത്തിയത്. ജിഎസ്ടിയുടെ പരിധിയിലേക്ക് ഇന്ധനത്തെ കൊണ്ടുവരണമെന്നും, തമിഴ്‌നാടിനെ പോലെ സംസ്ഥാനത്തെ ഇന്ധന നികുതി സർക്കാർ കുറയ്ക്കണമെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങൾ.

ഇതിനിടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ മൂന്നു ദിവസം മുൻപ് എല്ലാ നിയോജക മണ്ഡലത്തിലും ധർണ്ണ നടത്തിയിരുന്നു. എന്നാൽ ഇന്ധനത്തെ ജിഎസ്ടിയുടെ പരിധിയിലേക്ക് കൊണ്ടുവന്നാൽ ഇവയുടെ വില കുറയില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. ഇത്തരമൊരു തെറ്റായ പ്രചാരണം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കേന്ദ്ര സെസ് കുറയ്ക്കുകയാണ് ഇന്ധന വില കുറയ്ക്കാനുള്ള മാർഗമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.