ഷൂട്ടിംഗിന് അനുമതിയില്ല: സിനിമ വ്യവസായം കേരളത്തിന് പുറത്തേക്ക്

Entertainment Keralam News

സിനിമ വ്യവസായവും കേരളം വിടുന്നു. സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ സിനിമ മേഖലയെ ഉള്‍പ്പെടുത്താത്തതില്‍ സിനിമ പ്രവര്‍ത്തര്‍ ഇതിനോടകം രംഗത്ത് വന്നിരുന്നു. ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. ഇങ്ങനെയാണെങ്കില്‍ സിനിമ വ്യവസായത്തെ ഒന്നടങ്കം ഇതരസംസ്ഥനങ്ങളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ പെഫ്ക അറിയിച്ചു.

സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയത് പോലെ സിനിമ ഷൂട്ടിംഗിനും അനുമതി നല്‍കണമെന്നാണ് പെഫ്കയുടെ ആവശ്യം. നിശ്ചിത ആളുകളെ ഉള്‍പ്പെടുത്തി ഇന്‍ഡോറില്‍ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ലായിരുന്നു. കേരളത്തില്‍ ചിത്രീകരിക്കേണ്ട സിനിമയായിരുന്നു ബ്രോ ഡാഡി. എന്നാല്‍ കേരളത്തില്‍ ഷൂട്ടിംഗിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രീകരണം ഹൈദരബാദിലേക്ക് മാറ്റി. ഇത്തരത്തില്‍ ഏഴ് ചിത്രങ്ങളാണ് ഇതരസംസ്ഥാനത്തേക്ക് ഷൂട്ടിംഗിനായി മാറ്റിയത്.

നിരവധി സിനിമ തൊഴിലാളികള്‍ പട്ടിണിയിലാണെന്നും പരിമിതിയില്‍ നിന്നുകൊണ്ടാണ് ഇവര്‍ക്ക് സഹായം നല്‍കുന്നതെന്നും അതിനാല്‍ ചിത്രീകരണം തുടങ്ങാന്‍ അനുവദിക്കണമെന്നുമാണ് പെഫ്ക ആവശ്യപ്പെടുന്നത്. ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംവിധായിക വിധു വിന്‍സെന്റ് രംഗത്ത് എത്തിയിരുന്നു. നിര്‍മാണ മേഖലയെപോലെ തന്നെ സിനിമ എന്ന ഉല്‍പാദനമേഖലയേയും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്നും വിനോദ നികുതിയടക്കമുള്ള വരുമാനം സര്‍ക്കാരിലേക്ക് എത്തുന്ന മേഖലയാണ് സിനിമയെന്നും വിധു വിന്‍സെന്റ് വിമര്‍ശിച്ചിരുന്നു.