സിനിമയ്ക്ക് മാത്രം അനുവാദമില്ലാത്ത കേരളത്തിൽ നിന്നും ഷൂട്ടിങ്ങുകൾ അന്യ സംസ്ഥാനങ്ങളിലേക്ക്

Entertainment Keralam News

ഫെഫ്‌കയുടെ 17 യൂണിയനുകളുടെ തീരുമാന പ്രകാരം ഏഴോളം സിനിമകളുടെ ഷൂട്ടിങ് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കും തെലുങ്കാനയിലേക്കും മാറ്റി. കേരളത്തിൽ ഷൂട്ടിങ്ങിനുള്ള അനുവാദം ഇല്ലാത്തതിനാലാണ് അന്യ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പെട്ടെന്ന് തന്നെ ഇടപെടണമെന്നും കേരളത്തിൽ തന്നെ സിനിമ ചിത്രീകരിക്കാനുള്ള അനുമതി നൽകണമെന്നുമുള്ള ആവശ്യം ഫെഫ്‌ക ഉന്നയിച്ചു. ഫെഫ്‌ക പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആവശ്യങ്ങൾ വ്യക്തമാക്കുന്നത്.

വ്യവസായമേഖല എന്ന രീതിയിലും തൊഴിൽ മേഖല എന്ന രീതിയിലും മലയാള സിനിമ വലിയൊരു പ്രതിസന്ധിയാണ് നേരിടുന്നത്. ഒന്നാം ലോക്ക്ഡൗൺ കാലവും രണ്ടാം ലോക്ക്ഡൗൺ കാലവും വളരെ അധികം സിനിമ മേഖലയെ ബാധിച്ചിട്ടുണ്ട്. ഒന്നാം ലോക്ക്ഡൗണിൽ സർക്കാർ സഹായമായി തൊഴിലാളികൾക്ക് ലഭിച്ചത് 2000 രൂപയാണ്. എന്നാൽ സംഘടനാസംവിധാനവും സഹപ്രവർത്തകരുടെ സഹായവും മറ്റു ഫണ്ടുകളും ചേർത്ത് 5000 രൂപയാക്കി സഹായമഭ്യർത്ഥിച്ച തൊഴിലാളികൾക്ക് നൽകി. അതുകൂടാതെ ചികിത്സാ സഹായമായും ഭക്ഷ്യകിറ്റായും തൊഴിലാളികൾക്കായി ക്ഷേമപ്രവർത്തനങ്ങൾ ചെയ്തതായും ഫെഫ്‌ക അറിയിച്ചു. അതിനായി 2,25,00,000 രൂപയാണ് ചിലവഴിച്ചത്. എന്നാൽ രണ്ടാം ലോക്ക്ഡൗണിൽ 1000 രൂപയാണ് സർക്കാർ സഹായമായി നൽകിയത്. അവിടെയും കുട്ടികൾക്കുള്ള പഠനത്തിനും ഒരു മാസത്തെ മരുന്ന് നൽകിയും പാവപ്പെട്ടവർക്ക് സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ നൽകിയുമെല്ലാം ഫെഫ്‌ക കുറഞ്ഞ സാമ്പത്തിക ശ്രോതസുകളിൽ നിന്നും സഹായമെത്തിച്ചു.

അതിനോടൊപ്പം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഓണക്കാലത്ത് സഹായമായും എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ സിനിമ മേഖലയെ പൂർണമായും ഒഴിവാക്കുന്ന രീതിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുമതി നിഷേധത്തിലൂടെ കാണാൻ കഴിയുന്നത്. ടെലിവിഷൻ സീരിയലുകൾക്ക് കോവിഡ് മാനദണ്ഡങ്ങളോടുകൂടിയും നിബന്ധനകളോടുകൂടിയും ചിത്രീകരണം നടത്താനുള്ള അനുമതി കൊടുത്തിട്ടുണ്ട്. എന്നാൽ സിനിമ മേഖലയിലെ ഭൂരിഭാഗം ആളുകളും രണ്ടാമത്തെ വാക്‌സിൻ കൂടി എടുത്തവരായിട്ടും ചിത്രീകരണത്തിനുള്ള അനുമതി സിനിമയ്ക്ക് മാത്രമില്ല. ഇതേ ആവശ്യം ഉന്നയിച്ച് നിർമാതാക്കളും സർക്കാരിന് മുന്നിൽ എത്തിയിരുന്നു. ഏതു മാനദണ്ഡങ്ങൾ അനുസരിക്കാൻ തയാറായിട്ടും സിനിമയുടെ കാര്യത്തിൽ തീരുമാനമായില്ല. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്ക് ചിത്രീകരണത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. മോഹൻലാലിനെ നായകനാക്കികൊണ്ടുള്ള പൃഥ്വിരാജിന്റെ സിനിമ ഉൾപ്പടെ ഏഴു സിനിമകളാണ് അന്യ സംസ്ഥാനങ്ങളിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഇടപെട്ട് കേരളത്തിൽ ചിത്രീകരണത്തിനുള്ള അനുമതി തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പാണ് ഫെഫ്‌കയുടേത്.