സമസ്ത പൊതുപരീക്ഷ ഫെബ്രുവരി 17,18,19 തിയ്യതികളില്‍:, ഒരുക്കങ്ങൾ പൂർത്തിയായി

Education India Keralam News Religion

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്‌റസ പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 16,17 തിയ്യതികളില്‍ വിദേശങ്ങളിലും, 17,18,19 തിയ്യതികളില്‍ ഇന്ത്യയിലുമാണ് മദ്‌റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,762 മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറല്‍ സ്ട്രീമില്‍ 2,48,594 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്ട്രീമില്‍ 13,516 വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്.

സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന പൊതുപരീക്ഷ വിദേശങ്ങളില്‍ മാര്‍ച്ച് 1,2 തിയ്യതികളിലും, ഇന്ത്യയില്‍ 2,3 തിയ്യതികളിലുമാണ് നടക്കുന്നത്. ചേളാരി സമസ്താലയം കേന്ദ്രീകരിച്ച് പൊതുപരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് വരുന്നു. 7,651 സെന്ററുകളിലേക്ക് ആവശ്യമായ പതിനൊന്ന് ലക്ഷം ചോദ്യപേപ്പറുകളുടേയും അനുബന്ധ രേഖകളുടെയും പാക്കിംഗ് ജോലികളാണ് നടക്കുന്നത്. ഓഫീസ് ജീവനക്കാര്‍ രാവും പകലുമായി സേവന നിരതരാണ്. പരീക്ഷകള്‍ക്കെല്ലാം മാതൃകയായാണ് അക്കാദമിക് സമൂഹം സമസ്തയുടെ പൊതുപരീക്ഷയെ വിലയിരുത്തിയിട്ടുള്ളത്. ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷക്കിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് https://online.samastha.info/ സൈറ്റില്‍ മദ്‌റസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.