ക്രിമിനൽ കേസ്സുകളിലെ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

Crime Local News

താനൂർ : കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി അറഫാത്തിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ എടക്കടപ്പുറം സ്വദേശി ഈസ്പീന്റെ പുരക്കൽ അറാഫത്ത് (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരൻ. എസ്. ഐ. പി. എസ് ന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഐ.എ എസ് ആണ് ഉത്തരവിറക്കിയത്. അവസാനമായി പോക്സോ കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ ആയിരുന്ന ഇയാൾ രണ്ട് മാസം മുമ്പാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്.
വധശ്രമം, കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുക, തട്ടികൊണ്ട് പോയി ഗുരുതരമായി പരിക്കേൽപ്പിച്ച് കവർച്ച നടത്തുക, മോഷണം, വീടുകളിൽ കയറി അക്രമം നടത്തുക, കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അറഫാത്ത്. തമിഴ്‌നാട്ടിലും മറ്റും ഒളിവിലായിരുന്ന അറഫാത്തിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം താനൂർ ഡി.വൈ. എസ്. പി ബെന്നി വി .വി യുടെ നേതൃത്യത്തിലുള്ള ഇൻസ്പെക്ടർ ജെ. മാത്യു , സബ്ബ് ഇൻസ്പെക്ടർ പ്രമോദ്, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ സലേഷ്, പ്രകാശ്, അഖിൽ രാജ്, സാജൻ, വിനീത് വിൽഫ്രഡ്, സജേഷ് എന്നിവർ അടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത അറഫാത്തിനെ ഇന്നലെ (വെള്ളി) വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കും,6 മാസത്തേക്കാണ് തടവ്. സമൂഹത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തി ക്രമസമാധാനം തകർക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.