ചവറയിൽ ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

Crime Local News

ചവറ: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

സംഭവ സമയത്ത് ഭർത്താവ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നുവെന്നും ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് വ്യക്തമാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയിൽ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു.

അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി.