വാളംതോട് കുരിശുമലയില്‍ വിനോദ സഞ്ചാരികളായിഎത്തിയവര്‍ കുരിശിനെ അപമാനിച്ചുവെന്ന് പരാതി. മൂന്നുപേര്‍ക്കെതിരെ കേസ്

Crime Local News

നിലമ്പൂര്‍: വാളംതോട് കുരിശുമലയില്‍ വിനോദ സഞ്ചാരികളായി എത്തിയവര്‍ കുരിശിനെ അപമാനിച്ചുവെന്ന് പരാതി. ഇടവക വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ഇടവകാംഗങ്ങളും പ്രതിഷേധം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നിലമ്പൂര്‍ പോലീസ് ഇതില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കൊയിലാണ്ടി സ്വദേശികളായ കടപ്പുറം വീട്ടില്‍ ഷാമില്‍ (19), പുളിക്കല്‍ വീട്ടില്‍ ഇബിലാജി (19), കേളോത്ത് ഷാബില്‍ (19) എന്നിവര്‍ക്കെതിരെയാണ് കേസ്. കുരിശുമലയില്‍ അതിക്രമിച്ച് കയറിയതിനും കുരിശിനെ അപമാനിച്ചതിനുമെതിരെയാണ് പോലീസ് കേസ്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം.
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ വാളംതോട്-നായാടം പൊയിലിലുള്ള കുരിശുമലയില്‍ എത്തിയ സംഘം കുരിശില്‍ കയറി വിവിധ രീതിയില്‍ കുരിശിനെ അവഹേളിക്കുന്ന പടങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ കക്കാടംപൊയില്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. ഡാന്റ്റീസിനെ വിവരം അറിയിച്ചു. തുടര്‍ന്നു ഇടവക വികാരിയും ഗ്രാമപഞ്ചായത്തംഗം ഗ്രീഷ്മ പ്രവീണ്‍, മുന്‍ അംഗം അനീഷ് ഉള്‍പ്പെടെ നിരവധി പേര്‍ നായാടംപൊയിലിലെത്തി പ്രതിഷേധം അറിയിച്ചു.
ഇതേതുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് യുവാക്കളുടെ ഫോണുകള്‍ പരിശോധിച്ചു. ഇടവകാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ നിലമ്പൂര്‍ സ്റ്റേഷനിലെത്തിച്ചു. വാളംതോട് കുരിശ് മലയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ ചെറിയ ഒരു വിഭാഗം കുരിശിനെ അവഹേളിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കാര്യമായ നടപടി ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ക്കും ഇടവകസമൂഹത്തിനും കടുത്ത അമര്‍ഷമുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെയാണ് വിനോദ സഞ്ചാരികള്‍ ഈ ഭാഗത്തേക്ക് എത്തുന്നതെന്നും കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും വനം വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും ഇടവക സമൂഹത്തിന്റെയും ആവശ്യം.