പര്‍ദയും മുഖമക്കനയും ധരിച്ച് പിടികിട്ടാപ്പുള്ളിക്കൊപ്പം കഞ്ചാവ് കടത്ത്: മലപ്പുറത്തുകാരന്‍ കാമുകനും ബംഗാളുകാരി കാമുകിയും അറസ്റ്റില്‍

Crime Local News

മലപ്പുറം: പര്‍ദയും ബുര്‍ഖയും ധരിച്ച് ലഹരി കടത്ത് കേസിലെ പിടികിട്ടാപ്പുള്ളിക്കൊപ്പം 12 കിലോ കഞ്ചാവ് കടത്തുന്നതിനിടെ കാമുകിയും കാമുകനും അറസ്റ്റില്‍. നിലമ്പൂര്‍ അമരംപാലം കോട്ടയില്‍ വീട്ടില്‍ അബ്ദുള്‍ സലാം (38) ഇയാളുടെ കാമുകി വെസ്റ്റ് ബംഗാള്‍ സ്വദേശി ബര്‍ദന്‍ ജില്ലയില്‍ ഹത്ത് ഡേവന്‍ വില്ലേജില്‍ ദലി ഖാത്വന്‍ നജ്മ (35) എന്നിവരെയാണു മലപ്പുറം കോട്ടക്കല്‍ പോലീസ് പിടികൂടിയത്.
150കിലോ കഞ്ചാവുമായി പിടിയിലായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയാണ് അബ്ദുല്‍സലാമെന്നും പോലീസ് പറഞ്ഞു.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ഡി വൈ.എസ്.പി പി ബഷീറിന്റെ നിര്‍ദേശപ്രകാരം കോട്ടക്കല്‍ എസ്.ഐ പ്രിയനും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. പര്‍ദയും ബുര്‍ഖയും(മുഖമക്കന) ഉള്‍പ്പടെ അണിഞ്ഞായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കഞ്ചാവ് കടത്ത്. ബാഗിലാണ് ആന്ധ്രയില്‍ നിന്ന് കൊണ്ടുവരികയായിരുന്ന 12കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. യാത്രക്കാരെന്ന വ്യാജേനയായിരുന്നു ലഹരി കടത്ത്. പൊലീസ് സംശയം തോന്നി രണ്ട് പേരേയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെയാണ് ലഹരി കടത്ത് പൊളിഞ്ഞത്. നേരത്തെ നിലമ്പൂരില്‍ 150 കിലോ കഞ്ചാവുമായി പിടിയിലാകുകയും പിന്നീട് ഒളിവില്‍ പോകുകയും ചെയ്തിരുന്ന അമരമ്പലം കൂറ്റമ്പാറ കല്ലായി അബ്ദുല്‍സലാം ആണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം പിടിയിലായ വെസ്റ്റ്ബംഗാള്‍ ബര്‍ദമന്‍ സ്വദേശിനി ദാലി ഖത്തൂന്‍ എന്ന നജ്മ കാമുകിയാണെന്നും പോലീസ് പറഞ്ഞു. ഇവരെ കുറിച്ചു പൊലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. നജ്മയുമൊത്ത് മുമ്പും ലഹരി കടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇസ്ലാമിക വേഷം ധരിച്ചാല്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സംഘത്തിന്റെ ലഹരികടത്ത്. ഡാന്‍സാഫ് അംഗങ്ങളായ ഷലേഷ്, ജന്‍സീര്‍, സിറാജ്, കോട്ടക്കലിലെ സി.പി.ഒമാരായ വിശ്വനാഥന്‍, പ്രദീപ്, നിധീഷ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.