തിരൂരിലെ കടവരാന്തയില്‍ ഉറങ്ങിക്കിടന്നയാളെ വെട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തിയ കേസ്. പൊലീസിന് മുന്നില്‍ കൂസലില്ലാതെ എല്ലാം വിവരിച്ച് മുബാറക്ക്

Crime Local News

മലപ്പുറം : തിരൂരില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്നയാളെ കല്ലുപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയമായി തെളിവെടുപ്പ്. കൂസലില്ലാതെ പൊലീസിനു മുന്നില്‍ കൊലപാതകം വിവരച്ച് പ്രതി തമിഴ്നാട് സ്വദേശി മുബാറക്ക് എന്ന അണ്ണന്‍ ബാബു. പറവണ്ണ സ്വദേശി പള്ളാത്ത് ആദമിന്റെ ജീവന്‍ കവര്‍ന്നത് സ്ഥിരമായ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ പൊലീസ് തിരൂരിലെത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തി സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിന് മുന്നില്‍ കൊലപാതകം വിവരിച്ചു. കൊലക്കുപയോഗിച്ച കല്ല് കൊണ്ടുവന്നത് മുതല്‍ അന്വേഷണ സംഘത്തിന് വിവരിച്ചു നല്‍കി.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആദമിനെ തിങ്കളാഴ്ച രാവിലെയായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ല് തലയിലിട്ടാണ് കൃത്യം നടത്തിയിരുന്നത്. രണ്ട് ദിവസം കൊണ്ടാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തില്‍ നൂറിലേറെ പേരെ ചോദ്യം ചെയ്തതായി ഡിവൈ.എസ്.പി കെ.എം ബിജു അറിയിച്ചു. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ അവിടെ ചെന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബാറക്ക് വര്‍ഷങ്ങളായി തിരൂരില്‍ താമസിക്കുന്നയാളാണ്. കൊല്ലപ്പെട്ട ആദമുമായി വഴക്കുണ്ടാകുക പതിവാണെന്നും കൊല നടന്ന രാത്രിയിലും വഴക്കുണ്ടായതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇതാണ് കൊലക്ക് കാരണമായത്. മരണം ഉറപ്പ് വരുത്തിയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യ പരിശോധന നടത്തി ഇന്ന് വൈകുന്നേരത്തോടെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും. നഗരത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് തിരൂര്‍ പൊലീസിന്റെ നേട്ടമായി.