ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതില്‍ മനംനൊന്തും പ്രതിഷേധിച്ചും പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തിന് മുമ്പ് അയച്ച കുറിപ്പില്‍ ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്ന്

Local News

മലപ്പുറം: ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ മനംനൊന്തും പ്രതിഷേധിച്ചും പെരിന്തല്‍മണ്ണയ്ക്കു സമീപം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ(47) വയസ്സുകാരനായ മുജീബ് റഹ്മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായാണ് മുജീബ് റഹ്മാന്‍ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ച പ്രതിയെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മേലാറ്റൂര്‍ സ്‌റ്റേഷനിലേക്കുകൊണ്ടുപോയി. പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നു പോലീസ് പറഞ്ഞു.

തീയിട്ട ശേഷം ശുചിമുറിയില്‍ കയറിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്നാണു വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഏറെ അലഞ്ഞെന്നും പഞ്ചായത്തില്‍നിന്ന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് പ്രതി തീയിട്ടത്.വലിയ കുപ്പിയില്‍ പെട്രോളുമായെത്തി, ജീവനക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശേഷമാണ് പെട്രോളൊഴിച്ച് തീയിട്ടത്. അഗ്‌നിക്ഷാ സേനയെത്തി തീയണച്ചു. ഭാര്യയും രണ്ടുമക്കളുമുള്ള മുജീബ് നാട്ടില്‍ കൂലിവേല ചെയ്താണു ജീവിച്ചുപോന്നിരുന്നത്. സംഭവത്തെ കുറിച്ചുള്ള മുജീബ് റഹ്മാന്റെ വിശദീകരണ കുറിപ്പും സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.
ഞാന്‍ മുജീബ് റഹ്മാന്‍ ചുള്ളി കീഴാറ്റൂര്‍
ഞാന്‍ ചെയ്യുന്നത് തെറ്റാണോ, ശരിയാണോ എന്ന എനിക്കറിയില്ല, പക്ഷെ ഇതല്ലാതെ വേറൊരു വഴിയും ഞാന്‍ തിരഞ്ഞിട്ട് കണ്ടതുമില്ല. നല്ലവരായ ഈ കേരളാ സമൂഹത്തിന് ഇത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ എന്നോട് മാപ്പാക്കണം. ഈ കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാവപ്പെട്ട ഒരുപാട് കുടുംബങ്ങള്‍ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി കേരളത്തിലെ ഒരു കുടുംബത്തിനും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത്. ഇനിയെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ശ്രമിക്കുക. ഇപ്പോള്‍ ഞാന്‍ ഈ ചെയ്യുന്ന തെ്റ്റ് കേരളത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എനിക്ക് ചെയ്യേണ്ടിവന്ന ഒരു തെറ്റാണ്. ഞാനീ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിച്ച് ഒരു വ്യക്തമായ മറുപടി കേരളാ സമൂഹത്തിന് ഉദ്യോഗസ്ഥര്‍ നല്‍കേണ്ടതാണ്. എന്ന സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം മുജീബ്.
എന്ന കുറിപ്പാണ് പ്രചരിക്കുന്നത്. കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് ആത്മഹത്യചെയ്യാനായിരുന്നു മുജീബ് പ്ദ്ധതിയിട്ടതെന്നാണു പോലീസിനു നല്‍കിയ മൊഴി. ഈ കുറിപ്പു ആത്മഹത്യാശ്രമം നടത്തുന്നതിനു മുമ്പു അയച്ചതാകുമെന്ന നിഗമനത്തിലാണ് പോലീസ്. കുറിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മേലാറ്റൂര്‍ പോലീസ് പറഞ്ഞു.