ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

Crime Keralam News

ബധിരയും മൂകയുമായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പള്ളിത്തോട്ടത്തെ ക്യു.എസ്.എസ് കോളനിയിലെ വെളിച്ചം നഗറിലെ അനില്‍ കുമാറിനാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ്ജഡ്ജ് പി. ഷേര്‍ളി ദത്ത് ശിക്ഷ വിധിച്ചത്.

2017 ഒക്ടോബര്‍ 31 നാണ് മോളി(29) കൊല്ലപ്പെട്ടത്. രണ്ടര വയസുള്ള മകന് ഭക്ഷണം ഉണ്ടാക്കുമ്പോഴാണ് കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയുമായി മോളിയുടെ പിന്നിലൂടെ വന്ന അനില്‍ കുമാര്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ മോളിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അനില്‍ വീണ്ടും തീ കൊളുത്തിയെന്നാണ് പ്രോസ്‌ക്യൂഷന്‍ കേസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മോളി നവംമ്പര്‍ ആറിന് മരിച്ചു. ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് പരിഭാഷകന്റെ സഹായത്തോടെ മോളിയുടെ മൊഴി എടുത്തിരുന്നു.

സംശയം കാരണം അനില്‍ കുമാര്‍ മോളിയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ അനില്‍ കുമാര്‍ കടലില്‍ പോകുന്നതിന് മുമ്പ് മോളിയെയും കുട്ടിയെയും മുറിയില്‍ പൂട്ടിയിട്ടിരുന്നു. അനാഥയായ മോളിയെ കോട്ടയം നവജീവലില്‍ നിന്നാണ് അന്ല്‍ വിവാഹം കഴിച്ചത്.