സമദാനിയെ വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യും.പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്

Breaking Keralam Local News Politics

മലപ്പുറം: കള്ളപ്രചരണം നടത്തി പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നടപടികളിലേക്ക്. വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ഫെസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കത്ത് നല്‍കുകയെന്ന് പൊലീസ് അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. റസാഖ് സമര്‍പ്പിച്ച പരാതി പരിശോധിച്ചതില്‍ നിന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വേങ്ങര സ്വദേശി കെ.പി സബാഹിന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പരാതിയുടെ കോപ്പി ജില്ലാ പോലീസ് മേധാവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.പിയുടെ നടപടി. എന്നാല്‍ സബാഹിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന പരാതിക്കാരന്റെ ആവശ്യം എസ്.പി അംഗീകരിച്ചിട്ടില്ല. കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരനോട് നിര്‍ദ്ധേശിച്ചത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും അക്കൗണ്ട് ഉടകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.റിപ്പോര്‍ട്ടര്‍ ചാനലിന്റെ വേങ്ങരയിലെ തെരുവ് ചര്‍ച്ചയില്‍ കയ്യില്‍ നോട്ട് കെട്ടുകളുള്ളവര്‍ക്ക് മാത്രം പ്രാപ്യനായ സ്ഥാനാര്‍ത്ഥിയാണ് സമദാനി എന്നായിരുന്നു സബാഹിന്റെ ആരോപണം. മാര്‍ച്ച് 30-ന് പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്ന വീഡിയോ ക്ലിപ്പ് പരിശോധിച്ചതില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിയിരുന്നു. ഇതേ തുടര്‍ന്ന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സബാഹിന് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്.