യു എ ഇ യിൽ മഴ ശക്തം:, മണ്ണിടിച്ചിലിന് സാധ്യത ഏറെ

Breaking International News

യുഎഇ : യു എ ഇ യിൽ കനത്ത മഴ തുടരുന്നു. 7 മണിയോടുകൂടി അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ രാത്രി ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ലാ. ഷാർജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ക്കകത്തേയ്ക്ക് മഴവെള്ളം എത്തിയതിനാൽ അടച്ചിടേണ്ടിവന്നു.
രാജ്യത്ത് ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സുരക്ഷാ അലേർട്ടിൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അതോറിറ്റി അറിയിച്ചു. അതേസമയം, രാജ്യത്തെ സ്കൂളുകളെല്ലാം ഇന്ന് ഓൺലൈൻ പഠനമാണ് നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശവുമുണ്ടായി. എന്നാൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പലർക്കും ജോലിക്ക് പോകേണ്ടി വന്നു.
റിപ്പോർട്ട് : ഷഹ്‌മ സലാം