ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ റിമാന്റ് ചെയ്തു

Breaking Crime Local News

മഞ്ചേരി : ഡോക്ടറെ കാര്‍ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടികൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മഞ്ചേരി തുറക്കല്‍ കാരാശ്ശേരി ഷെബീല്‍, നടുവിലെകളത്തില്‍ സബീറലി എന്ന കൊച്ചു എന്നിവരെയാണ് റിമാന്റ് ചെയ്തത്. 2024 ജനുവരി അഞ്ചിന് രാത്രി എട്ടര മണിയോടെ മുള്ളമ്പാറതുറക്കല്‍ റോഡിലാണ് സംഭവം. മഞ്ചേരിയിലെ ക്ലിനിക്കില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡോക്ടറെ കാറിനുമുന്നില്‍ ബൈക്ക് വിലങ്ങിട്ട് തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടി, കല്ല് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരാതിക്കാരന്റെ മകളെ ഒന്നാം പ്രതിയായ ഷെബീലിന്റെ മകന്‍ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതി നല്‍കിയതാണ് അക്രമത്തിന് കാരണം. പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും തള്ളിയിരുന്നു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി