വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം – സമസ്ത

Breaking Keralam Local News Politics Religion

കോഴിക്കോട്: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ:നിസ്കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ:നിസ്കാരം. വോട്ടർമാർക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച യിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും എന്ന് മാത്രമല്ല പോളിങ്ങിനെയും ഇത് സാരമായി ബാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി വിഷയത്തിൽ ഇട പെടണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.