കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ

Breaking Keralam News Politics

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായം ഗവർണർ തേടിയിട്ടുണ്ട്.
സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു.

രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം നേരിടുന്ന 11 വി.സി.മാര്‍ക്ക് ഗവര്‍ണര്‍ പുറത്താക്കാതിരിക്കാന്‍ കാരണംചോദിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഫിഷറീസ് സര്‍വകലാശാലാ വി.സി.യായിരുന്ന ഡോ. റിജി ജോണും ഇതേ കാരണത്താല്‍ കോടതിവിധിയിലൂടെ പുറത്തായി.