കരിപ്പൂർ സ്വർണക്കവർച്ച, കൊടുവള്ളി സ്വദേശി അറസ്റ്റിൽ

Breaking Crime Keralam Local News

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 2021-ൽ നടന്ന സ്വർണക്കവർച്ചാ ശ്രമക്കേസിൽ ഒരാൾ കൂടി പിടിയിലായി.കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശി ആലുങ്ങൽ മുഹമ്മദ് ഫൈസൽ (37) ആണ് പിടിയിലായത്.
2021 ജൂൺ 21-ന് പാലക്കാട് സ്വദേശികളായ അഞ്ചു യുവാക്കൾ രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണിത്. മലപ്പുറം സ്വദേശി ഷഫീഖ് കൊണ്ടു വന്ന സ്വർണത്തിന് സുരക്ഷയൊരുക്കാനും കവർച്ച ചെയ്യാനും നിരവധി ക്വട്ടേഷൻ സംഘങ്ങൾ വിമാനത്താവളത്തിലും പരിസരത്തും കേന്ദ്രീകരിച്ചിരുന്നു. വാഹനാപകടത്തിൽ അഞ്ചു യുവാക്കൾ മരിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി അർജ്ജുൻ ആയങ്കിയും സംഘവുമടക്കം 75 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.കൊടുവള്ളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി. സിദ്ദീഖിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം ഉൾപ്പെട്ട പ്രത്യേകസംഘമാണ് യുവാവിനെ പിടികൂടിയത്.