അതിഥി തൊഴിലാളിയുടെ കൊലപാതകം : പ്രതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

Breaking Crime Keralam Local News

മഞ്ചേരി : മഞ്ചേരിയില്‍ അതിഥി തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബെതുല്‍ സ്വദേശി അനില്‍ കസ്‌ദേകര്‍ (34), മധ്യപ്രദേശ് അമരാവതി സ്വദേശി ഗോലു തമിദില്‍ക്കര്‍ (25) എന്നിവരെയാണ് ഡി വൈ എസ് പി ബെന്നി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി പോലീസും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മധ്യപ്രദേശ് ബാന്‍സ്‌ദേഹി ബേല്‍ക്കുണ്ട് ബോത്തിയ റായത്തിലെ നാമദേവ് മകന്‍ റാം ശങ്കര്‍ (33)നെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി കുത്തുകല്‍ റോഡിനടുത്തുള്ള നടപ്പാതയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.
പ്രതി ഗോലുവിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ മുന്‍പ് റാം ശങ്കര്‍ തട്ടിയെടുത്തിരുന്നു. ഞായറാഴ്ച്ച രാത്രി മഞ്ചേരി ടൗണില്‍ നിലമ്പൂര്‍ റോഡില്‍ വെച്ച് അനിലും ഗോലുവും കണ്ടുമുട്ടിയ റാം ശങ്കറിനെ മഞ്ചേരി കുത്തുകല്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. അവിടെ വെച്ച് മൊബൈല്‍ ഫോണ്‍ തിരിച്ചു ചോദിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് താണിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന റാം ശങ്കറിനെ ഇരുപ്രതികളും ചേര്‍ന്ന് അടിച്ചു വീഴ്ത്തി. നിലത്തുവീണ റാം ശങ്കറിന്റെ നെഞ്ചിലേക്ക് പ്രതി ഗോലു പരിസരത്തുണ്ടായിരുന്ന വെട്ടുകല്ല് എടുത്തിട്ടു. തുടര്‍ന്ന് അനില്‍ രണ്ടു തവണ വെട്ടുകല്ലുകൊണ്ട് റാം ശങ്കറിന്റെ തല ഇടിച്ചു തകര്‍ത്ത് അവിടെ നിന്ന് രക്ഷപെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ബെന്നി, എഎസ്പി പി ബി കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സി സി ടി വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ തന്ത്രപരമായി വലയിലാക്കിയത്. മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷ്, എസ്‌ഐമാരായ കെ ബഷീര്‍, സജീവ്, എഎസ്‌ഐമാരായ ഗിരീഷ്, ഗിരീഷ് കുമാര്‍, എസ് സി പി ഒമാരായ അനീഷ് ചാക്കോ, തൗഫീഖ് മുബാറക്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ് ഐ പ്രമോദ്, എസ് സി പി ഒമാരായ ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ കെ ജസീര്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. റാം ശങ്കറിന്റെ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി