ദേശീയ ഫിന്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പൊന്നിന്‍ തിളക്കവുമായി ഹയാന്‍ ജാസിര്‍

Keralam News Sports

മലപ്പുറം: പൂനെയില്‍ നടന്ന മൂന്നാമത് ദേശീയ ഫിന്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പൊന്നിന്‍ തിളക്കവുമായി ഹയാന്‍ ജാസിര്‍. 4ഃ100 മീറ്റര്‍ ബൈ ഫിന്‍ റിലേയില്‍ കേരളത്തിനു വേണ്ടി ഹയാന്‍ സ്വര്‍ണ്ണം നേടി. ശക്തമായ മത്സരത്തില്‍ കേരളം പശ്ചിമ ബംഗാളുമായി സ്വര്‍ണ്ണം പങ്കിട്ടു. റിലേയില്‍ ഹയാന്‍ നടത്തിയ മുന്നേറ്റമാണ് കേരളത്തിന് സ്വര്‍ണ്ണമുറപ്പാക്കിയത്.റിലേ ഉള്‍പ്പെടെ നാല് മത്സരങ്ങളിലാണ് ഹയാന്‍ പങ്കെടുത്തത്. 100 മീറ്റര്‍ ബൈ ഫിനില്‍ 1.38 മിനുട്ടില്‍ ഹയാന്‍ ആറാമതായി ഫിനിഷ് ചെയ്തു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 86 പേര്‍ പങ്കെടുത്ത മത്സരമായിരുന്നു ഇത്. 50 മീറ്റര്‍ ബൈ ഫിനിലും ഹയാന്‍ ആറാമതായി. 91 പേര്‍ ഈ ഇനത്തില്‍ മത്സരിച്ചു. 50 മീറ്റര്‍ സര്‍ഫസില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു.ഹയാന്‍ ഇതാദ്യമായാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കടുത്ത മത്സരമാണ് നാല് ഇനങ്ങളിലും നടത്തിയത്. പ്രായത്തിലും ശരീര പ്രകൃതത്തിലും മറ്റു മത്സരാര്‍ത്ഥികളേക്കാള്‍ താഴെയായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പരിചയ സമ്പന്നരുമായിട്ടായിരുന്നു ഹയാന്റെ മത്സരം.നേരത്തെ അക്വാറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന നീന്തല്‍ മത്സരത്തില്‍ അഞ്ചിനങ്ങളില്‍ ഹയാന്‍ മത്സരിച്ചിരുന്നു. ഇതാദ്യമായാണ് അണ്ടര്‍ വാട്ടര്‍ ഇനങ്ങളില്‍ മത്സരിക്കുന്നത്. എറണാകുളത്ത് നടന്ന ആദ്യ സംസ്ഥാന മത്സരത്തില്‍ മികച്ച സമയത്തോടെയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയത്. രണ്ട് മാസത്തെ തുടര്‍ച്ചയായ പരിശീലനത്തിനൊടുവിലാണ് ഹയാന്റെ സ്വര്‍ണ്ണ നേട്ടം. നിസാര്‍ അഹമ്മദിന് കീഴിലായിരുന്നു പരിശീലനം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹയാന്‍ പൊന്നാനി സ്വദേശി കെ.വി ജാസിറിന്റെയും നഫീസ നുസ്‌റത്തിന്റെയും മകനാണ്