യാത്രക്കാരുടെ കൈയിൽ സീൽ പതിപ്പിച്ച് കർണാടകയിലെ ഉദ്യോഗസ്ഥർ; നടപടിയെടുത്ത് കേരളം

Keralam News

വയനാട്: കേരളത്തിൽ നിന്നും കർണാടകയിലേക്ക് അതിർത്തി കടന്നെത്തുന്ന യാത്രക്കാരുടെ കൈയില്‍ സീൽ പതിപ്പിക്കുന്നത് നിർത്തിവെയ്ക്കാൻ മൈസൂർ ജില്ലാ ഭരണകൂടം നിർദേശം നൽകി. മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക് പോകുന്ന റോഡിലുള്ള ബാവലി ചെക്‌പോസ്റ്റിൽ വെച്ചായിരുന്നു കേരളത്തിൽ നിന്നും വരുന്ന യാത്രക്കാരുടെ സീൽ കർണാടകയിലെ ഉദ്യോഗസ്ഥർ സീൽ അടിച്ചിരുന്നത്‌.

ഈ വിഷയത്തിൽ കേരളാ മുഖ്യമന്ത്രി ഇടപെടുകയും സീൽ പതിപ്പിക്കുന്നത് നിർത്തണമെന്ന് വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത് പ്രകാരം വയനാട് ജില്ലാ കളക്ടർ ആവശ്യം മൈസൂരിലെ ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സീൽ പതിപ്പിക്കുന്നത് നിർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുത്തിരിക്കുന്നത്.

കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സീൽ പതിപ്പിക്കുന്ന നടപടിയും വിവാദമായത്. കൃത്യമായ അന്വേഷണം നടത്തി വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വയനാട് ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.