ഉമ്മയുടെ മരണവാര്‍ത്തയുടെ വേദനക്കിടയില്‍ പരീക്ഷയെഴുതിയ ജഫ് ലക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്

Local News

മലപ്പുറം: ഉമ്മയുടെ മരണവാര്‍ത്തയുടെ വേദനക്കിടയില്‍ പരീക്ഷയെഴുതിയ ജഫ് ലക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്. മാര്‍ച്ച് 19 ലെ സാമൂഹ്യപാഠം പരീക്ഷയെഴുതുമ്പോള്‍ അഫ് ലയുടെ മനസ് നിറയെ തന്റെ പ്രിയപ്പെട്ട ഉമ്മയുടെ മുഖമായിരുന്നു. ചേതനയറ്റ മാതാവിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ജഫ് ലയുടെ ഉത്തരകടലാസിലും കണ്ണീരുപ്പ് കലര്‍ന്നിരുന്നു.മനം നുറുങ്ങുന്ന വേദനക്കിടയിലും പതിനൊന്നരയോടെ പരീക്ഷ പൂര്‍ത്തിയാക്കിയാണ് മാതാവിന്റെ മുഖം ഒരു നോക്ക് കാണാന്‍ ജഫ് ല നൈതല്ലൂരിലെ വീട്ടിലെത്തിയത്. പ്രിയ മാതാവിന്റെ വേര്‍പാടിന്റെ നൊമ്പരം വിട്ടൊഴിയാത്ത ദിനങ്ങളില്‍ പിന്നീട് നടന്ന പരീക്ഷകളിലും വേദനകള്‍ കടിച്ചമര്‍ത്തി മികച്ച രീതിയില്‍ തന്നെയാണ് ജഫ് ല ഉത്തരം എഴുതിയത്.ജഫ് ലയുടെ കൂടെ കരുത്തായി സ്‌കൂളിലെ അധ്യാപകരും പരീക്ഷയെഴുതാന്‍ സഹായവുമായി എത്തിയതോടെ മിന്നും വിജയമാണ് ജഫ് ല കരസ്ഥമാക്കിയത്. മാര്‍ച്ച് 15ന് പിതാവ് ഊരം പുള്ളി അലിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് ജഫ് ലയുടെ മാതാവ് ജമീല അപകടത്തില്‍ പെട്ടത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജമീലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 19 ന് വൈകീട്ട് മരണം സംഭവിച്ചു. എന്നാല്‍ 20-ന് നടന്ന പരീക്ഷയെഴുതാന്‍ ബന്ധുക്കളുടെയും, അധ്യാപകരുടെയും സഹായത്തോടെയായിരുന്നു ജഫല പരീക്ഷ ഹാളിലെത്തിയത്.പഠനത്തില്‍ മിടുക്കിയായ ജഫ് ലയുടെ ഭാവി മുന്നില്‍ കണ്ടാണ് അധ്യാപകര്‍ തീരാവേദനക്കിടയിലും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചത്.പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നേറുന്ന കുട്ടികളുടെ പ്രതീകമാണ് ഇന്ന് ജഫ് ല. ഹയര്‍ സെക്കണ്ടറിയില്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ച് ഡോക്ടറാകണമെന്നാണ് ഈ മിടുക്കിയുടെ തീരുമാനം. ആഷിഖ്, ജുമാന എന്നിവരാണ് ജഫ് ലയുടെ സഹോദരങ്ങള്‍