പോലീസ് യൂണിഫോമിൽ സേവ് ദി ഡേറ്റ്; വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി വനിത എസ്‌ഐ

Keralam News

കോഴിക്കോട്: പോലീസ് യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയ വിവാദത്തിൽ പ്രതികരണവുമായി ആരോപണ വിധേയയായ എസ്.ഐ രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി എടുത്ത ഫോട്ടോയല്ല അതെന്നും സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന യാതൊരു ഉദ്ദേശവും തനിക്കില്ലായിരുന്നുവെന്നും വനിത എസ്‌ഐ വ്യക്തമാക്കി.

തന്റെ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി എടുത്ത ഫോട്ടോയാണെന്നും താനോ ഭര്‍ത്താവോ ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടില്ലെന്നും എസ്.ഐ പറഞ്ഞു. ഫോട്ടോഗ്രാഫര്‍ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരുന്നുവെന്നും അതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും എസ്. ഐ ആരോപിച്ചു. ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഈ ഫോട്ടോ ഷെയര്‍ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും അവരത് അവഗണിച്ചാണ് പോസ്റ്റ് ചെയ്തതെന്നും കുറ്റപ്പെടുത്തി.

വിവാഹത്തിന്റെ തിരക്കുകൾ കാരണം സമൂഹ മാധ്യമങ്ങൾ നോക്കാൻ കഴിഞ്ഞില്ലെന്നും രണ്ട് ദിവസം മുന്‍പ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും എസ്.ഐ പറഞ്ഞു. അറിയാതെയെങ്കിലും തെറ്റ് ചെയ്തതില്‍ ദുഃഖമുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരോട് വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.