ആര്യാടന്റെ 25 രൂപയുടെ കഥ ഉമ്മന്‍ചാണ്ടിയും ഓര്‍മയാകുമ്പോള്‍..ആര്യാടനും ഉമ്മന്‍ചാണ്ടിയും അപൂര്‍വ്വ ആത്മബന്ധം

Keralam News

നിലമ്പൂര്‍: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒന്നിച്ചു പയറ്റിയ നിലമ്പൂരിന്റെ കുഞ്ഞാക്കക്കു പിന്നാലെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞും യാത്രയായി. കോണ്‍ഗ്രസില്‍ എ.കെ ആന്റണിയും കെ. കരുണാകരനും ചേരിതിരിഞ്ഞ് എ, ഐ ഗ്രൂപ്പുകളായി പോരടിച്ചപ്പോള്‍ ആന്റണിയുടെ ഇടം വലം നിന്ന് പൊരുതിയത് ഉമ്മന്‍ചാണ്ടിയും ആര്യാടനുമായിരുന്നു. പുതുപ്പള്ളിക്കാര്‍ സ്നേഹത്തോടെ ഉമ്മന്‍ചാണ്ടിയെ കുഞ്ഞൂഞ്ഞ് എന്ന് വിളിച്ചപ്പോള്‍ നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍ കുഞ്ഞാക്കയായിരുന്നു.
കെ. കരുണാകരന് പകരം എ.കെ ആന്റണി രണ്ട് തവണ കേരള മുഖ്യന്ത്രിയായപ്പോഴും ആ നീക്കത്തിന് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ തന്ത്രത്തിന്റെ പിന്നില്‍ ഒ.സിയും ആര്യാടനുമായിരുന്നു.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പുകഞ്ഞുതുടങ്ങുമ്പോള്‍ പരിഹാരനീക്കത്തിനായി
ഉമ്മന്‍ചാണ്ടി ഓടിയെത്തുക എം.എല്‍.എ ഹോസ്റ്റലിലെ ആര്യാടന്റെ മുറിയിലേക്കാണ്. ഗൗരവത്തിലുള്ള ചര്‍ച്ചക്കിടെ ഒരു സിഗരറ്റില്‍ നിന്നും മറ്റൊരു സിഗരറ്റിലേക്ക് കൊളുത്തികൊണ്ട് ആര്യാടന്‍ ചര്‍ച്ചയില്‍ സജീവമാകും. അതെങ്ങനെ പറ്റും ആര്യാടാ എന്ന് ഉമ്മന്‍ചാണ്ടി സംശയമുനയെറിയുമ്പോള്‍ കാര്യകാരണ സഹിതം വിശദീകരിച്ച് അതിങ്ങനെ പറ്റും ഒ.സി എന്ന് ആര്യാടന്‍ മറുപടി നല്‍കുന്നതും ഉമ്മന്‍ചാണ്ടി പുഞ്ചിരിയോടെ മടങ്ങുന്നതിനും എത്രയോ തവണ താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.
ആര്യാടന്‍ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്നപ്പോള്‍ കോഴിക്കോട്ടെത്തി ഡി.സി.സി ഓഫീസില്‍ പായവിരിച്ചുറങ്ങിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ ലാളിത്യത്തിന്റെ കഥ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി വേളയിലെഴുതിയ ലേഖനത്തില്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ ആര്യാടന്‍ കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. അന്ന് കോഴിക്കോടും വയനാടും മലപ്പുറവും ചേര്‍ന്നതായിരുന്നു അവിഭക്ത കോഴിക്കോട് ജില്ല. ഡി.സി.സി ഓഫീസില്‍ തന്നെയായിരുന്നു അന്ന് ആര്യാടന്റെ താമസം. പുലര്‍ച്ചെ മൂന്നരയോടെ എത്തുന്ന തീവണ്ടിയിലാണ് ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തുക. ഡി.സി.സി ഓഫീസിലെത്തിയാല്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും. ആര്യാടന്‍ ഓഫീസ് മുറിയിലും ജീവനക്കാര്‍ വരാന്തയില്‍ പായവിരിച്ചുമാണ് ഉറങ്ങുക. ആരെയും വിളിക്കാതെ ഓഫീസ് മൂലയിലെ പായ വിരിച്ച് ഉമ്മന്‍ചാണ്ടിയും വരാന്തയില്‍ കിടന്നുറങ്ങും. ആര്യാടന്‍ രാവിലെ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് ഉമ്മന്‍ചാണ്ടി വരാന്തയില്‍ കിടന്നുറങ്ങുന്നത് കണ്ടത്. വന്ന വിവരം അറിയിക്കാത്തതില്‍ പരിഭവം പറഞ്ഞ് ഇനി വരുന്ന വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ താമസിക്കാന്‍ മുറിയൊരുക്കാമെന്ന് പറഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടി പിന്നീടും അതനുസരിച്ചിരുന്നില്ലെന്ന് ആര്യാടന്‍ എഴുതിയിരുന്നു.

ആര്യാടന്റെ വിയോഗത്തെ തുടര്‍ന്നുള്ള അനുസ്മരണ ലേഖനത്തില്‍ തന്നെ രക്ഷിച്ച ആര്യാടന്റെ 25 രൂപയുടെ കഥ ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ‘കെ.എസ്.യുവിന്റെ ദശവാര്‍ഷിക സമ്മേളനം 1967ല്‍ കോഴിക്കോട് നടക്കുന്നു. അന്ന് കെ.എസ്.യു പ്രസിഡന്റായിരുന്നു ഞാന്‍. കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. മലപ്പുറവും വയനാടും കോഴിക്കോടും ചേര്‍ന്ന അവിഭക്ത കോഴിക്കോട് ജില്ലയുടെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ യുത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന യു.പിയുടെയും ചത്തീസ്ഗഡിന്റെയും മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന എന്‍.ഡി തിവാരിയായിരുന്നു. കോഴിക്കോട് സമ്മേളനം കഴിഞ്ഞ് തിവാരിയെ തിരിച്ച് യാത്രയാക്കേണ്ട ചുമതല എനിക്കായിരുന്നു. ബെംഗളൂരുവിലേക്കായിരുന്നു അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലേക്കു വിളിച്ചപ്പോള്‍ 45 മിനിറ്റിനകം അവിടേക്ക് ഒരു ബസ് പുറപ്പെടുന്നുണ്ടെന്നറിഞ്ഞു. ബസ് സ്റ്റേഷനിലേക്ക് തിവാരിയുമായി പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് വണ്ടിക്കൂലിയില്ലെന്ന കാര്യം അദ്ദേഹം പറഞ്ഞത്. എന്റെ കൈയ്യിലും പണമില്ല. ടിക്കറ്റ് ചാര്‍ജ് അന്വേഷിച്ചപ്പോള്‍ 22 രൂപ. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. നേരെ ഡി.സി.സി ഓഫീസിലേക്കു പോയി. ആര്യാടന്‍ മുഹമ്മദ് ഓഫീസിലെ അദ്ദേഹത്തിന്റെ സ്വകാര്യ മുറിയില്‍ കുപ്പായമൊക്കെ ഊരിയിട്ട് വിശ്രമിക്കുകയാണ്. മുറിയിലേക്ക് എങ്ങിനെ കയറിചെന്ന് പണം ചോദിക്കുമെന്നായി ആശങ്ക. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് തിവാരിയുമായി മുറിക്കകത്തേക്കു കയറി. തിവാരിക്ക് മടങ്ങാന്‍ വണ്ടിക്കൂലിയല്ലാത്ത കാര്യം അറിയിച്ചു. ഒന്നും മിണ്ടാതെ ആര്യാടന്‍ കീശയില്‍ നിന്നും 25 രൂപയെടുത്ത് തിവാരിക്കു നല്‍കി. 3 രൂപ വഴിച്ചെലവിനുള്ളതാണ്. ആര്യാടന്‍ പണം നല്‍കിയില്ലായിരുന്നെങ്കില്‍ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഏറെ ആശ്വാസത്തോടെയാണ് അന്ന് തിവാരിയെ യാത്രയാക്കിയത്.
പിന്നീട് തിവാരി കേന്ദ്ര തൊഴില്‍ മന്ത്രിയായ കാലത്ത് ആര്യാടന്‍ കേരളത്തിന്റെ തൊഴില്‍ മന്ത്രിയായിരുന്നു. തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ആര്യാടനെ കണ്ട തിവാരി ആ പഴയ 25 രൂപയുടെ കഥ ഓര്‍മ്മിപ്പിച്ചു. അന്ന് 25 രൂപ നല്‍കിയത് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായിരുന്നു എന്നാണ് ആര്യാടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്’.
ആര്യാടന്‍ ആശുപത്രിയിലായപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍പോലും മാറ്റിവെച്ച് ഉമ്മന്‍ചാണ്ടി കാണാനെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25ന് ആര്യാടന്റെ മരണത്തെ തുടര്‍ന്ന് ആര്യാടന്റെ രാഷ്ട്രീയ നിലപാടുകളും മതേതരരാഷ്ട്രീയവും പഠിപ്പിക്കാന്‍ ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ഉണ്ടാക്കണമെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിയായിരുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഉമ്മന്‍ചാണ്ടി സ്നേഹത്തോടെ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മലപ്പുറത്ത് നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മലപ്പുറത്തെ അവസാനത്തെ പരിപാടി.