സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

Breaking Keralam News

കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്‍ മരണം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

തൃശൂര്‍ പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

വത്സലയുടെ പോസ്റ്റുമോര്‍ട്ടം ചാലക്കുടിയില്‍ തന്നെ നടത്തണം എന്നും മതിയായ നഷ്ടപരിഹാരം വേണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ആദിവാസികള്‍ക്ക് ആര്‍ആര്‍ടി സംരക്ഷണം വേണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ചാലക്കുടി എം പിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബഹ്നാന്‍, സനീഷ് കുമാര്‍ എം എല്‍ എ, ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് കര്‍ഷകന്‍ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചന്‍ ആണ് ഇന്ന് വൈകീട്ട് കൊല്ലപ്പെട്ടത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ വെച്ചായിരുന്നു എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.