ഏറനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്ന യു. ഷറഫലി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുമ്പോള്‍

Breaking Feature News Sports

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ്സ്ഥാപനം രാജിവെച്ച മേഴ്‌സി കുട്ടന് പകരം പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും എം.എസ്.പി അസി.കമാന്‍ഡന്റുമായിരുന്ന യു. ഷറഫലി. സര്‍വ്വീസില്‍ നിന്നും റിട്ടയേര്‍ഡ് ചെയ്ത പുതിയ സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടത്തിപ്പുമായി രംഗത്തുവന്ന ഷറഫലി നേരത്തെ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനും ഒരുങ്ങിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരംഗത്തുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്ന ഷറഫലിയെ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നത് മലപ്പുറത്തുകാരനായ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ കൂടി പ്രത്യേക താല്‍പര്യപ്രകാരമാണ്. പാര്‍ട്ടിക്കും ഷറഫലി വരുന്നതില്‍ ഇഷ്ടക്കേടില്ല.
കേരളം സമീപകാലത്ത് കണ്ട മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫി മഞ്ചേരിയില്‍ വിജയകരമായി നടത്തിയത് യു ഷറഫലിയുടെയും വി അബ്ദുറഹിമാന്റേയും നേതൃത്വത്തിലാണ്.

ആളുകള്‍ ഉണ്ടാകുമോയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വരെ ഭയന്ന ടൂര്‍ണമെന്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വിജയകരമാക്കാന്‍ നിയോഗിക്കപ്പെട്ട ഈവന്റ് കോര്‍ഡിനേറ്റര്‍ യു ഷറഫലി ആയിരുന്നു. തിങ്ങി നിറഞ്ഞ കാണികളുമായാണ് കേരളത്തിന്റെ മത്സരങ്ങള്‍ മഞ്ചേരിയില്‍ നടന്നത്. ഫൈനലിന് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനാകാതെ പിരിഞ്ഞു പോയത് ആയിരങ്ങളാണ്.
വലിയൊരു ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഏറെ സന്തോഷമുണ്ട്. കായികരംഗത്ത് നിന്നുള്ള അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് ഷറഫലി പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട നിരവധി ടൂര്‍ണമെന്റുകളിലും സംഘാടകനായി പ്രവര്‍ത്തിച്ച പരിചയം ഷറഫലിക്കുണ്ട്.

കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് മേഴ്‌സിക്കുട്ടന്‍ രാജിവെച്ചത്. മേഴ്‌സികുട്ടനെ കൂടാതെ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കേയാണ് മേഴ്‌സിയുടെ രാജി.

കായിക മന്ത്രിയും സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റും തമ്മില്‍ നേരത്തെ മുതല്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. കായിക താരങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതോടെ അഭിപ്രായ വ്യത്യാസം കടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമതയെ കുറിച്ചും മന്ത്രിക്കും വകുപ്പിനും പരാതി ഉണ്ടായിരുന്നു. ഇതെല്ലാം കൂടിയായപ്പോഴാണ് പ്രഡിസിഡന്റും വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ഇനി തുടരേണ്ടതില്ലെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വച്ചതും രാജിയില്‍ കാര്യങ്ങളവസാനിക്കുന്നതും.

സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി ഒളിന്പിക്‌സ് അസോസിയേഷന്‍ കാര്യങ്ങള്‍ നടത്തിയെടുക്കുന്നു എന്ന വിമര്‍ശനം കായിക വകുപ്പില്‍ പൊതുവെ ഉണ്ട്. ഒളിംപിക് അസോസിയേഷന്റെ അനാവശ്യ കൈകടത്തലുകളില്‍ മേഴ്‌സിക്കുട്ടനും അതൃപ്തി ഉണ്ടായിരുന്നു. 2019 ല്‍ ടിപി ദാസന് ശേഷമാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തെത്തുന്നത്.