അബൂദാബിയില്‍ നിന്നു കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ യന്ത്രത്തില്‍ തീയും പുകയും

Breaking News Pravasi

മലപ്പുറം: അബൂദാബിയില്‍ നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ യന്ത്രത്തില്‍ തീയും പുകയും. ഇവ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.


184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ്് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 348 വിമാനം അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്ക് തിരിച്ചത്. പറന്നുയര്‍ന്നു അരമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ ഇടതുചിറകില്‍ തീയും പുകയും പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി.

തുടര്‍ന്നു സംവിധാനങ്ങളൊരുക്കിയാണ് വിമാനം ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കി. അഗ്‌നിശമന വിഭാഗത്തിന്റെ സഹായത്തോടെ തീ നിയന്ത്രിച്ചു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും തുടര്‍യാത്രക്കും സൗകര്യങ്ങളൊരുക്കിയതായി എയര്‍ഇന്ത്യ അറിയിച്ചു.